ബഹ്റൈൻ കേരളീയ സമാജത്തിൽ ഓണാഘോഷപരിപാടികൾ ആഗസ്റ്റ് മുന്നിന് ആരംഭിച്ച് സെപ്റ്റംബർ അവസാനം സമാപിക്കും. നിരവധി പ്രമുഖ കലാകാരന്മാരാണ് ഓണാഘോഷത്തിന് കൊഴുപ്പ് കൂട്ടാൻ ബഹ്റൈനിൽ എത്തുക. ആഗസ്റ്റ് മൂന്നിന് തോബിയാസ് ഒരു നാടകക്കാരൻ എന്ന നാടകത്തോടെയാണ് പരിപാടികൾ തുടങ്ങുക. തെന്നിന്ത്യയുടെ വാനമ്പാടി കെ.എസ്. ചിത്ര, ശ്രീകുമാരൻ തമ്പി, സൂര്യ കൃഷ്ണമൂർത്തി, പ്രശസ്ത സംഗീത ബാൻഡ് മസാല കോഫി, ടെലിവിഷൻ അവതാരകരായ രാജ്കലേഷ്, മാത്തുക്കുട്ടി, സംഗീതോപകരണ വാദകരായ സുബാഷ് ചേർത്തല, ശ്രീകുമാർ കലാഭവൻ, പി.എസ്. നരേന്ദ്രൻ, പിന്നണി ഗായകരായ കല്ലറ ഗോപൻ, എസ്.പി. ദേവാനന്ദ്, ദേവിക വി. നായർ, രേഷ്മ രാഘവേന്ദ്ര, നിഷാദ്, യാസിൻ, വേദ മിത്ര, പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി, നാടൻ പുലികളിയുടെ പ്രശസ്തി പേറുന്ന തൃശൂരിൽനിന്നുള്ള പത്തോളം പുലിക്കളി കലാകാരന്മാർ കൂടാതെ ഒട്ടനവധി പ്രമുഖരുടെ നീണ്ട നിരതന്നെ ഈ വർഷം ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമാകുമെന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നാട്ടിൽനിന്നുള്ള കലാകാരന്മാർക്ക് പുറമെ ബഹ്റൈനിലെ മലയാളി കലാകാരന്മാരെ ഒരുമിപ്പിച്ചുകൊണ്ടു അണിയിച്ചൊരുക്കുന്ന മൂന്നു മെഗാ പരിപാടികളാണ് ഓണാഘോഷങ്ങളിലെ മറ്റൊരു പുതുമ. 100ൽ അധികം പേർ പങ്കെടുക്കുന്ന തൃശൂരിന്റെ തനതു പുലിക്കളി, നൂറ്റിയൻപതോളം സ്ത്രീകളും പുരുഷന്മാരും കുട്ടികളും പങ്കെടുക്കുന്ന തൃശൂരിന്റെ കൈകൊട്ടിക്കളി, നൂറിൽ അധികം കലാകാരന്മാരുമായി ഇന്ത്യയുടെ വൈവിധ്യ സംസ്കാരം വിളിച്ചോതുന്ന ചുവടുകളുമായി എത്തുന്ന ‘രംഗ്’, കളേഴ്സ് ഓഫ് ഇന്ത്യ എന്ന നൃത്ത രൂപം എന്നിവ അരങ്ങേറും. ഇവയുടെ പരിശീലനം ജൂൺ ആദ്യവാരം ആരംഭിച്ചു. നാടൻകളികളും മറ്റും ഉൾപ്പെടെ നിരവധി മത്സരങ്ങളാണ് പൊതുജനത്തിനായി നടത്തപ്പെടുക. വടംവലി, കബഡി, അത്തപൂക്കളം, പായസം, തിരുവാതിര, ഒപ്പന,സിനിമാറ്റിക് ഡാൻസ്, ഓണപ്പുടവ, പരമ്പരാഗത ഇന്ത്യൻ വേഷം, ഓണപ്പാട്ട് എന്നീ മത്സരങ്ങൾ വിവിധദിനങ്ങളിലായി സമാജ വേദികളിൽ അരങ്ങേറും.
കുട്ടികൾക്കായി നാടൻകളികളും, സദ്യയും, കളിചിരികളുമായി എത്തുന്ന പിള്ളേരോണം, കേരളത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങൾ വിളിച്ചോതുന്ന ബഹ്റൈനിലെ പ്രവാസി സംഘടനകളും സമാജത്തിലെ സബ്കമ്മിറ്റികളും പങ്കെടുക്കുന്ന മെഗാ ഘോഷയാത്ര, കേരളത്തിന്റെ രുചിപ്പെരുമകൾ നിറയുന്ന മഹാരുചിമേള, സമാജം മലയാളം പാഠശാല അവതരിപ്പിക്കുന്ന ഓണനിലാവ്, ബഹ്റൈൻ പ്രതിഭ അവതരിപ്പിക്കുന്ന ഓണം സാംസ്കാരിക രാവ്, സഹൃദയ നാടൻ പാട്ടു സംഘം അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ എന്നീ മറ്റനവധി പരിപാടികളും നടക്കും. സെപ്റ്റംബർ 22 ന് നടക്കുന്ന ഓണസദ്യയിൽ അയ്യായിരത്തോളം പേർക്കാണ് സദ്യ വിളമ്പുക. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സദ്യയൊരുക്കാൻ നേതൃത്വം നൽകും. കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ആലത്തൂർ എം.പി രമ്യ ഹരിദാസ് തുടങ്ങിയ നിരവധി പ്രമുഖർ ആഘോഷദിനങ്ങളിൽ ബഹ്റൈനിലെത്തും. സുനീഷ് ജനറൽ കൺവീനറായി ഇരുന്നൂറ്റിയൻപതോളം അംഗങ്ങളുള്ള സംഘാടക കമ്മിറ്റിയാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

