കെ.ഐ.ജി കുവൈത്ത് സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗമായിരിക്കെ മരിച്ച മൂന്നുപേരുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി. കണ്ണൂർ മാടായി മുട്ടം സ്വദേശി മുഹമ്മദ് ഹാരിസിന്റെ കുടുംബത്തിന് നാലുലക്ഷവും കൊല്ലം കിളികൊല്ലൂർ സ്വദേശി മൊയ്ദീൻ കുഞ്ഞ് ശംസുദ്ദീന്റെ കുടുംബത്തിന് മൂന്നുലക്ഷവും പത്തനംതിട്ട റാന്നി അങ്ങാടി സ്വദേശി ജിൻസ് ജോസഫിന്റെ കുടുംബത്തിന് രണ്ടു ലക്ഷവുമാണ് നൽകിയത്.
ഹാരിസിന്റെ കുടുംബത്തിന് ഒരുമ കേന്ദ്ര ട്രഷറർ അൽത്താഫ്, അൻവർ ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിൽ കുവൈത്തിലാണ് തുക കൈമാറിയത്.
മൊയ്ദീൻകുഞ്ഞ് ശംസുദ്ദീന്റെ അവകാശികൾക്ക് സാമൂഹികപ്രവർത്തകരായ ഇസ്മായിൽ ഗനി, എ. ഖലീലുല്ല എന്നിവരുടെ നേതൃത്വത്തിലും ജിൻസ് ജോസഫിന്റെ അവകാശികൾക്ക് സാമൂഹികപ്രവർത്തകരായ പി.എച്ച്. റഷീദ്, ജമാഅത്തെ ഇസ്ലാമി റാന്നി യൂനിറ്റ് പ്രസിഡന്റ് മുഹമ്മദാലി, സെക്രട്ടറി റഷീദ് എന്നിവരുടെ നേതൃത്വത്തിലും വീട്ടിലെത്തി തുക കൈമാറി.