എയർ ഇന്ത്യ വിമാനാപകടം: ആദ്യ സഹായമെത്തിച്ച് ഡോ. ഷംഷീർ വയലിൽ; വിതരണംചെയ്തത് 6 കോടി

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ ബി.ജെ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്കും പരുക്കേറ്റവർക്കുമുള്ള അബൂദബി ആസ്ഥാനമായ വി.പി.എസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ഡോ. ഷംഷീർ വയലിന്റെ ആറ് കോടി രൂപയുടെ സഹായ പാക്കേജ് കൈമാറി. ക്യാംപസിൽ നടന്ന ലളിതമായ ചടങ്ങിൽ മെഡിക്കൽ കോളജ് ഡീൻ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്. ജോഷി, ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് സഹായം നൽകിയത്. എയർ ഇന്ത്യ ദുരന്തം ആഘാതമേല്പിച്ചവർക്ക് ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണ് ഡോ. ഷംഷീറിന്റേത്.

ദുരന്തത്തിൽ ജീവൻ നഷ്ടപെട്ട നാല് യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്ന ആര്യൻ രജ്പുത്, രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ നിന്നുള്ള മാനവ് ഭാദു, ബാർമറിൽ നിന്നുള്ള ജയപ്രകാശ് ചൗധരി, ഗുജറാത്തിലെ ഭാവ്നഗറിൽ നിന്നുള്ള രാകേഷ് ഗോബർഭായ് ദിയോറ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം ലഭിച്ചത്.

”കർഷക കുടുംബമാണ് ഞങ്ങളുടേത്. കുടുംബത്തിലെ ആദ്യ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു അവൻ. ഞങ്ങളുടെ പ്രതീക്ഷ. കുട്ടികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന അവന് പീഡിയാട്രിക് ഹാർട്ട് സർജൻ ആകണമെന്നായിരുന്നു ആഗ്രഹം. ഈ ദുരന്തം ഞങ്ങൾക്ക് താങ്ങാനായില്ല. നാല് സഹോദരിമാരാണ് ഞങ്ങൾക്ക്. അച്ഛൻ രോഗിയാണ്. അവനായിരുന്നു ഞങ്ങളുടെ പ്രതീക്ഷ മുഴുവനും ചിറകിലേറ്റിയത്. അതിനാൽ തന്നെ, ഈ സഹായവും ഞങ്ങൾക്ക് വളരെ വലുതാണ്” അപകടത്തിൽ മരിച്ച രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന രാകേഷ് ദിയോറയുടെ സഹോദരൻ വിപുൽ ഭായ് ഗോബർഭായ് ദിയോറ പറഞ്ഞു.
അപകടത്തിൽ ഉറ്റവരെ നഷ്ടമായ ഡോക്ടർമാർക്കും സഹായം നൽകി. ഭാര്യയെയും ഭാര്യാ സഹോദരനെയും നഷ്ടപ്പെട്ട ന്യൂറോ സർജറി റസിഡന്റ് ഡോ. പ്രദീപ് സോളങ്കി, മൂന്ന് കുടുംബാംഗങ്ങളെ നഷ്ടമായ സർജിക്കൽ ഓങ്കോളജി റസിഡന്റ് ഡോ. നീൽകാന്ത് സുത്താർ, സഹോദരനെ നഷ്ടമായ ബി.പി.ടി വിദ്യാർത്ഥി ഡോ. യോഗേഷ് ഹദാത്ത് എന്നിവർ ഇതിലുൾപ്പെടുന്നു. മരിച്ച ഓരോ ബന്ധുവിനും 25 ലക്ഷം രൂപ വീതമാണ് നൽകിയത്.

പൊള്ളൽ, ഒടിവ്, ആന്തരികാഘാതം എന്നിവ മൂലം അഞ്ചോ അതിലധികമോ ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടി വന്ന 14 പേർക്ക് 3.5 ലക്ഷം രൂപയുടെ സഹായവും നൽകി. ഡീനുമായുള്ള കൂടിയാലോചനക്ക് ശേഷം ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ നിർദേശിച്ചവർക്കാണ് ഇത് നൽകിയത്. ഗുരുതരമായി പൊള്ളലേറ്റ ഡോ. കെൽവിൻ ഗമേറ്റി, ഡോ. പ്രഥം കോൽച്ച, ഫാക്കൽറ്റി അംഗങ്ങളുടെ ബന്ധുക്കളായ മനീഷ ബെൻ, അവരുടെ 8 മാസം പ്രായമുള്ള മകൻ തുടങ്ങിയവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ”ഈ ദുരന്തത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല. മെഡിക്കൽ സമൂഹം മുഴുവനായും നിങ്ങളോടൊപ്പമുണ്ട്’ കുടുംബങ്ങൾക്ക് കൈമാറിയ കത്തിൽ ഡോ. ഷംഷീർ ഉറപ്പ് നൽകി.

ഇത്തരം വേളകളിൽ വൈദ്യ സമൂഹം ഒറ്റക്കെട്ടായി നിൽക്കുമെന്നതിന്റെ ഓർമപ്പെടുത്തലാണ് ഈ ഐക്യ ദാർഢ്യമെന്ന് ഡോ. മീനാക്ഷി പരീഖും ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷനും പറഞ്ഞു. സഹായ വിതരണ ചടങ്ങിന് ശേഷം ദുരന്തത്തിൽ മരിച്ച ബി.ജെ മെഡിക്കൽ കോളേജിൽ നിന്നുള്ളവർക്കായി നടത്തിയ പ്രത്യേക പ്രാർത്ഥനയിൽ അധ്യാപകർ, വിദ്യാർത്ഥികൾ, മറ്റ് ജീവനക്കാർ പങ്കെടുത്തു.

ജൂൺ 12നാണ് ബി.ജെ മെഡിക്കൽ കോളജിലെ അതുല്യം ഹോസ്റ്റൽ സമുച്ചയത്തിലേക്ക് എയർ ഇന്ത്യ ഫ്ലൈറ്റ് 171 ഇടിച്ചിറങ്ങിയത്. വ്യക്തിപരമായി ആഘാതമേൽപ്പിച്ച സംഭവത്തിൽ മെഡിക്കൽ സമൂഹം ഒപ്പമുണ്ടെന്നറിയിച്ച് ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ ജൂൺ 17ന് സഹായ സന്നദ്ധതയറിയിച്ചു. പ്രഖ്യാപിച്ച് ഒരാഴ്ച്ച തികയുമ്പോൾ തന്നെ ഇത് എത്തിക്കാനായത് കുടുംബങ്ങൾക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷ. ദുരന്തത്തിന് ശേഷം അടച്ച കോളജിലെ അധ്യയന പ്രവർത്തനങ്ങൾ ആരംഭിച്ച ഉടനെയാണ് സഹായം നൽകാനായി ഡോ. ഷംഷീറിന്റെ നിർദേശ പ്രകാരം വി.പി.എസ് ഹെൽത്ത് സംഘം അഹമ്മദാബാദിൽ എത്തിയത്.

Leave a Reply