വയനാട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ വിമതനായി പത്രിക നൽകിയിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു. ഡിസിസി നേതൃത്വം ചർച്ചകൾ നടത്തിയതിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ട് ആവശ്യപ്പെട്ടതിനും പിന്നാലെയാണ് ജഷീർ വയനാട് കളക്ടറേറ്റിലെത്തി പത്രിക പിൻവലിച്ചത്. തന്നെ വളർത്തിയ പാർട്ടിയെ മുറിവേൽപ്പിക്കാൻ പാടില്ലെന്നതിനാലാണ് പത്രിക പിൻവലിക്കുന്നതെന്ന് ജഷീർ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിൽ മത്സരിക്കുന്നതിനായാണ് ജഷീർ പത്രിക നൽകിയിരുന്നത്. അമ്പതിലേറെ കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയോടെയായിരുന്നു അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്.
“പാർട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷിയായ എന്നെ ചിലർ അവഗണിച്ചു. പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കാൻ കഴിയുമെന്നാണ് ഇപ്പോഴും എന്റെ പ്രതീക്ഷ. സ്ഥാനാർഥിയാക്കുമെന്ന പ്രതീക്ഷയിൽ രാത്രി 12 മണി വരെ ഡിസിസി ഓഫീസിന് മുന്നിൽ ഞാൻ കാത്തു നിന്നു. ഇതിനിടെ, മറ്റു പാർട്ടികളിലെ നേതാക്കൾ 21 തവണയാണ് സീറ്റ് വാഗ്ദാനവുമായി എന്നെ ബന്ധപ്പെട്ടത്. എന്നെ പരിഗണിക്കില്ലെന്ന കാര്യം ഞാൻ അറിയും മുൻപ് മറ്റു പാർട്ടിക്കാർ അറിഞ്ഞു എന്നതിലാണ് വിഷമം. എന്റെ ജനങ്ങൾക്ക് വേണ്ടി കൂടുതൽ ചെയ്യാനാകുമെന്ന ആഗ്രഹമാണ് പത്രിക സമർപ്പണത്തിന് കാരണം. ‘തളരില്ല തോമാട്ടുച്ചാൽ’ എന്നതാകും എന്റെ മുദ്രാവാക്യം. ജീവിതാവസാനം വരെ കോൺഗ്രസുകാരനായിരിക്കും.” പത്രിക സമര്‍പ്പിച്ച ശേഷം ജഷീറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
നേരത്തെ രണ്ട് തവണ ജഷീർ കോൺഗ്രസ് ചിഹ്നത്തിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതേസമയം, പനമരം ബ്ലോക്കിൽ സംഷാദ് മരക്കാർക്കെതിരെ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ് വിമതനായി മത്സരം തുടരുകയാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കോൺഗ്രസ് നേതൃത്വം അവസാന നിമിഷം വരെ ചർച്ചകൾ നടത്തിയെങ്കിലും ബിനു ജേക്കബ് തയ്യാറായില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

