വെബ് ലോകത്തെ ലോകത്തെ സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് 25 വയസ്. ലോകത്തിലെ ഓരോ വ്യക്തിക്കും മനുഷ്യരുടെ എല്ലാ അറിവുകളും സ്വതന്ത്രമായി ലഭ്യമാകുന്ന ഒരു അവസ്ഥയെക്കുറിച്ച് ചിന്തിക്കൂ എന്ന ആഹ്വാനവുമായി അമേരിക്കക്കാരായ ജിമ്മി വെയിൽസും ലാറി സാംഗറും ചേർന്നു 2001 ജനുവരി 15 ന് തുടക്കമിട്ട പദ്ധതിയാണു വിക്കിപീഡിയ.
ലോകത്തിലെ എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം നിർമിക്കുവാനുള്ള ഒരു കൂട്ടായ സംരംഭമാണിത്. സന്നദ്ധമായി പ്രവർത്തിക്കുന്ന ലോകമാകെ വ്യാപിച്ചുകിടക്കുന്ന സ്വതന്ത്ര വിജ്ഞാനപ്രവർത്തകർ, വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെ പ്രാവർത്തികമാക്കിയ ഒരു വലിയ സംരംഭം.നിലവിൽ 321 ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. മലയാളമടക്കം 22 ഇന്ത്യൻഭാഷകളിലും വിക്കിപീഡിയ പ്രവർത്തിക്കുന്നു. മൃതമായിക്കൊണ്ടിരുന്ന പല ഭാഷകളും ലിപികളും വിക്കിപീഡിയയുടെ പ്രവർത്തനങ്ങളിലൂടെ പുനർജീവിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പിൽ 71 ലക്ഷത്തിലേറെ ലേഖനങ്ങളുണ്ട്. എല്ലാ ഭാഷകളിലുമായുള്ള ലേഖനങ്ങളാകട്ടെ 6.6 കോടിയും. മലയാളം വിക്കിപീഡിയയിൽ നിലവിൽ 87,553 ഓളം ലേഖനങ്ങളുണ്ട്.
ആരംഭിച്ച ആദ്യവർഷത്തിൽത്തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 20,000 കവിഞ്ഞിരുന്നു. ഇപ്പോൾ പ്രതിദിനം ഏകദേശം അഞ്ചു കോടിയിലേറെ ആളുകൾ വിവിധ ഭാഷകളിലായി വിക്കിപീഡിയ ഉപയോഗിക്കുന്നു. ഇംഗ്ലീഷ് പതിപ്പു മാത്രം പ്രതിദിനം സന്ദർശിക്കുന്നത് 47 ലക്ഷത്തിലേറെ പേരാണ്.ചരിത്രം ആർക്കും എഴുതാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്ര സോഫ്റ്റ്വേറിന്റെ ഉപജ്ഞാതാവായ റിച്ചാർഡ് സ്റ്റാൾമാൻ 1999ൽ മുന്നോട്ടുവച്ചിരുന്നു. ഈ ആശയം പ്രാവർത്തികമാക്കാനുള്ള ആദ്യശ്രമം റിക്ക് ഗേറ്റ്സിന്റെ ഇന്റർപീഡിയ ആയിരുന്നു. എങ്കിലും അത് പ്ലാനിംഗ് ഘട്ടം കഴിഞ്ഞ് അധികം മുന്നോട്ടുപോയില്ല.
അതത് വിഷയങ്ങളിലെ പ്രമുഖരുടെ ലേഖനങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ന്യൂപീഡിയ ആയിരുന്നു അടുത്തത്. ജിമ്മി വെയിൽസും സഹായി ലാരി സാംഗറുമായിരുന്നു അതിന്റെ ശില്പികൾ. ലേഖനങ്ങളുടെ ഗുണമേന്മയ്ക്കു കൊടുത്തിരുന്ന അമിതപ്രാധാന്യം കാരണം അതിന്റെ വളർച്ച മെല്ലെയായിരുന്നു. അതിനാൽ ന്യൂപീഡിയയെ സഹായിക്കാനായി പൊതുജനങ്ങൾക്കെല്ലാം ഒരുപോലെ എഡിറ്റ് ചെയ്യാനാകുന്ന വിക്കിപീഡിയ എന്ന സംരംഭം ജിമ്മി വെയിൽസും സഹായി ലാരി സാംഗറും ചേർന്ന് ആരംഭിക്കുകയായിരുന്നു.വിദഗ്ധർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ് വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായി ആരംഭിച്ച വിക്കിപീഡിയ ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്സൈറ്റിനെയും കടത്തിവെട്ടി കാലാന്തരത്തിൽ തനത് വ്യക്തിത്വമുള്ള ഏറ്റവും വലിയ സ്വതന്ത്രവിജ്ഞാനകോശമായി മാറി.
സാധാരണഗതിയിൽ ഇന്റർനെറ്റിലെ ഒരു താളിൽ എന്തെങ്കിലും എഴുതിച്ചേർക്കണമെങ്കിൽ മികച്ച സാങ്കേതിക പരിജ്ഞാനവും ആ താളിന്റെ ഉടമസ്ഥരുടെ സമ്മതവും വേണം. അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ ഏതൊരു ഉപയോക്താവിനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും നീക്കം ചെയ്യാനും മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന വെബ്സൈറ്റുകളെയാണു വിക്കി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇത്തരത്തിൽ കൂട്ടായ്മയിലൂടെ കുറിപ്പുകളും ലേഖനങ്ങളും മറ്റുള്ള രചനകളും നടത്തുന്നതിനുള്ള സൗകര്യം നൽകുന്ന സോഫ്റ്റ്വേറുകളെ സൂചിപ്പിച്ച് വിക്കി എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. വിക്കിപീഡിയയാണ് ഇന്നുള്ള ഏറ്റവും വലിയ വിക്കി. ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന സ്ഥാപനമാണ് ഇപ്പോൾ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

