രക്ഷാപ്രവർത്തനം നിർത്തിവച്ചില്ല; മണ്ണ് മാറ്റി തിരച്ചിൽ നടത്താൻ പറഞ്ഞു; വീഴ്ചയുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി വി എൻ വാസവൻ

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ രക്ഷാപ്രവർത്തനം സംബന്ധിച്ച് മന്ത്രിമാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി വിഎൻ വാസവൻ. ഇത് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് നടക്കുന്നത്. തിരച്ചിൽ നിർത്തിവച്ചു എന്നുപറയുന്നത് രാഷ്ട്രീയ ആരോപണമാണെന്നും വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയതായും മന്ത്രി വിഎൻ വാസവൻ പറഞ്ഞു.

മണ്ണ് മാറ്റി തിരച്ചിൽ നടത്തണമെന്ന നിർദേശം നൽകിയത് താനാണെന്നും വാസവൻ പറഞ്ഞു. അവിടെ നിന്ന് കിട്ടിയ വിവരം അനുസരിച്ചാണ് ഉപയോഗശൂന്യമായ കെട്ടിടമെന്ന് പറഞ്ഞതെന്നും വാസവൻ പറഞ്ഞു. മെഡിക്കൽ സൂപ്രണ്ടാണ് ആരോഗ്യമന്ത്രിയോട് ആ കെട്ടിടം ഉപയോഗിക്കാറില്ലെന്ന് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി അങ്ങനെ മാധ്യമങ്ങളോട് പറഞ്ഞത്. കോട്ടയം മെഡിക്കൽ സൂപ്രണ്ടിനെ അവിശ്വസിക്കേണ്ടതില്ല. അദ്ദേഹം അങ്ങനെ കള്ളം പറയുന്ന ഒരാളല്ല. ഇന്ന് വൈകീട്ട് ബിന്ദുവിന്റെ വീട്ടിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഇന്നലെ തന്നെ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ എംഎൽഎയും പ്രവർത്തകരുമാണ് ആംബുലൻസിന് വിലങ്ങിട്ടത്. പ്രതിപക്ഷം സംഭവത്തിൽ രാഷ്ട്രീയം കളിക്കുകയാണ്. പുരയ്ക്ക് തീപിടിക്കുമ്പോൾ വാഴ വെട്ടുകയെന്നതാണ് പലരുടെയും നിലപാടെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിന് പിന്നാലെ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബവുമായി ആശയവിനിമയം നടത്തിയിരുന്നു. മൂന്ന് ഡിമാന്റുകളാണ് അവർ ആവശ്യപ്പെട്ടത്. കുട്ടിയുടെ ചികിത്സ ഉറപ്പാക്കണം. കുടുംബത്തിന് ധനസഹായം വേണം, ഭാവിയെ സംബന്ധിച്ച സുരക്ഷിതത്വം എന്നിവയായിരുന്നു അവ. അക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അവരെ അറിയിക്കുകയും ചെയ്തതായും മന്ത്രി പറഞ്ഞു.അതേസമയം, ബിന്ദുവിന്റെ മൃതദേഹം രാവിലെ എട്ടരയോടെ തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബിന്ദുവിന്റെ മകൾ കഴുത്തിൽ കോളർ ധരിച്ചാണ് അമ്മയെ അവസാനമായി കാണാനെത്തിയത്. നാടിന്റെ നൊമ്പരമായി മാറിയ ബിന്ദുവിന്റെ കാണാൻ നൂറുക്കണക്കിന് ആളുകളാണ് വീട്ടിലേക്കെത്തുന്നത്. 11 മണിയോടെയാകും വീട്ടുവളപ്പിൽ സംസ്‌കാരച്ചടങ്ങുകൾ നടത്തുക.

Leave a Reply