അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 100 സീറ്റ് ലഭിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ച വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് സതീശന്റെ പ്രതികരണം.
ഈഴവ വിരോധിയാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിനാണ് താൻ മറുപടി നൽകിയത്. ആർക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് അറിയില്ല. അദ്ദേഹത്തോട് മത്സരിക്കാനോ തർക്കത്തിനോ പോകുന്നില്ല. 98 സീറ്റ് കിട്ടിയാൽ രാജിവെക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. യു.ഡി.എഫിന് 97 സീറ്റ് കിട്ടുമെന്ന കാര്യത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയം നല്ല പോലെ നിരീക്ഷിക്കുന്ന അദ്ദേഹത്തിന് സംശയമില്ല. ബാക്കിയുള്ള മൂന്ന് നാല് സീറ്റുകൾ കിട്ടാൻ യു.ഡി.എഫ് കഠിനധ്വാനം ചെയ്യും
100 സീറ്റിൽ കൂടുതൽ നേടി യു.ഡി.എഫിനെ തകർപ്പൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് സതീശൻ ആവർത്തിച്ചു. എന്നാൽ, യു.ഡി.എഫിന് 100-ലധികം സീറ്റ് ലഭിച്ചാൽ വെള്ളാപ്പള്ളി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദവി രാജിവെക്കേണ്ടതില്ലെന്നും, ആജീവനാന്തം ആ സ്ഥാനത്ത് തുടർന്നോട്ടെയെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളിക്കെതിരെ മോശമായ ഒരു വാക്കും താൻ പറഞ്ഞിട്ടില്ലെന്ന് സതീശൻ ഊന്നിപ്പറഞ്ഞു. താൻ ശ്രീനാരായണീയ ധർമ്മങ്ങൾ പിന്തുടരുകയും പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ യു.ഡി.എഫ് അതിനെ ശക്തമായി എതിർക്കുമെന്നും, സി.പി.എമ്മിനെപ്പോലെ മാറിനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്കെതിരെയാണെന്ന് എഴുതിയവർക്ക് പോലും അറിയാത്ത പ്രസ്താവനയാണ് സി.പി.എം ഇറക്കിയത്. ആര് ന്യൂനപക്ഷ അല്ലെങ്കിൽ ഭൂരിപക്ഷ വർഗീയത പറഞ്ഞാലും യു.ഡി.എഫ് എതിർക്കുമെന്നും, അത് ടീം യു.ഡി.എഫിന്റെ തീരുമാനമാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

