പുതിയ ഓഫീസ് തുറന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. മരുതംകുഴിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ തുടങ്ങിയ വൈബ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ് പുതിയ ഓഫീസ്.
വിവാദങ്ങളിലല്ല, വികസനത്തിലാണ് തനിക്ക് താല്പര്യമെന്നും അത് പ്രവർത്തിയിലൂടെ തെളിയിക്കുമെന്നും ഓഫീസ് ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വട്ടിയൂർക്കാവിലെ ജനങ്ങൾക്കൊപ്പമാണ് താനെന്നും വരുന്ന തെരഞ്ഞെടുപ്പിൽ എവിടെ മത്സരിക്കണം എന്നത് പാർട്ടി തീരുമാനിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
“ജനങ്ങൾക്ക് കുറച്ചുകൂടി എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഇടം എന്നതാണ് ഓഫീസിന്റെ കാര്യത്തിൽ പരിഗണിച്ചത്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് കുറച്ചുകൂടെ സൗകര്യമുള്ള ഓഫീസാണ്. മണ്ഡലത്തിൽ വലിയ വികസനങ്ങൾ നടന്നു. ഇത്തരം വികസന പ്രവര്‍ത്തനങ്ങളെ മറച്ചുവച്ച് വിവാദങ്ങളെ ഉയര്‍ത്തിക്കാട്ടാൻ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് ഞാൻ സംശയിച്ചു’.
“പാർട്ടിയോടും വട്ടിയൂര്‍ക്കാവിലെ ജനങ്ങളോടും ആലോചിച്ചാണ് ഇങ്ങനെ ഒരു തീരുമാനം. അത് നന്നായി എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. എംഎൽഎയെ കാണാൻ 200 പേരെങ്കിലും ദിവസവും വരുന്നുണ്ട്. അവരെ ഉൾക്കൊള്ളാൻ പറ്റുന്ന ഇടമാണ് പുതിയ ഓഫീസ്’.
“പുതിയ ഓഫീസിൽ കൂടുതൽ സൗകര്യങ്ങളുണ്ട്. ഇത് ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും. വിവാദങ്ങളുടെ മറവിൽ വട്ടിയൂർക്കാവിൽ വികസനം നടക്കുന്നില്ലെന്ന തരത്തിൽ കുപ്രചരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അത്തരം നീക്കങ്ങൾക്ക് വഴങ്ങിക്കൊടുക്കാൻ താൻ തയാറല്ലെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ ഓഫീസ് തനിക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

