വഖഫ് ദാതാക്കൾക്ക് യു എ ഇ യിൽ ഗോൾഡൻ വിസ

ദുബായുടെ മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബദ്ധത പ്രതിഫലിക്കുന്ന നീക്കങ്ങളുടെ ഭാഗമായി, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നവരെ (വഖഫ് ദാതാക്കളെ) ആദരിക്കുന്നതിനായി ഗോൾഡൻ വിസ നൽകാൻ ദുബായ് തീരുമാനിച്ചു. ഇതിനായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡൻ്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് – ദുബായും (GDRFA-ദുബായ്), ഔഖാഫ് ദുബായും (Endowments and Minors Affairs Foundation) ഒരു സഹകരണ കരാറിൽ ഒപ്പുവെച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങളെ ദുബായിയുടെ സാമൂഹിക-വികസന രംഗത്തെ പ്രധാന ഘടകമാക്കി മാറ്റാനുള്ള കാഴ്ചപ്പാടിന്റെ ഭാഗമായാണ് പുതിയ നടപടി .

‘ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സാമ്പത്തിക പിന്തുണക്കാർ’ എന്ന വിഭാഗത്തിലാണ് ഇത്തരകാർക്ക് ഗോൾഡൻ വിസ ലഭിക്കുക. റസിഡന്റിനും- നോൺ റസിഡന്റിനും വഖഫ് (ദാനധർമ്മം) വഴി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നവരെയാണ് ഇതിനായി പരിഗണിക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള സഹകരണ കരാർ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ജൈടെക്സ് ഗ്ലോബൽ 2025 -ലെ വേദിയിലാണ് നടന്നത്. ജി ഡി ആർ എഫ് എ – ദുബായ് ഡയറക്ടർ ജനറൽ ലഫ്:ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയും ഔഖാഫ് ദുബായ് സെക്രട്ടറി ജനറൽ അലി മുഹമ്മദ് അൽ മുതവയുയുമാണ് കരാർ ഒപ്പുവെച്ചത്.

ഗോൾഡൻ വിസക്ക് അർഹരായ ദാതാക്കളെ ഔഖാഫ് ദുബായ് നാമനിർദ്ദേശം ചെയ്യും. കാബിനറ്റ് റെസല്യൂഷൻ നമ്പർ (65) 2022-ലെ മാനദണ്ഡങ്ങൾ പാലിക്കുന്നവരെയാണ് ഇതിനായി പരിഗണിക്കുക. ഔഖാഫ് ദുബായിയുടെ ശുപാർശ അംഗീകരിച്ച ശേഷം ജി ഡി ആർ എഫ് എ ദുബായ് അത്തരം വിഭാഗത്തിൽ അർഹരായവർക്ക് വിസ അനുവദിക്കും.പദ്ധതിയുടെ നടത്തിപ്പ് കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യങ്ങൾ വിലയിരുത്താനും ഇരു സ്ഥാപനങ്ങളും ചേർന്ന് ഒരു സംയുക്ത സമിതി രൂപീകരിക്കും. ഈ കരാർ ഗവൺമെൻ്റ് സംയോജനത്തിൻ്റെ മികച്ച മാതൃകയാണെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു.പങ്കാളിത്തവും സാമൂഹിക ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്ന ശക്തമായ സംരംഭങ്ങളിലൂടെ സമൂഹത്തിൻ്റെ വികസനത്തിന് സംഭാവന നൽകാൻ വഖഫ് ദാതാക്കളെ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി ഡി ആർ എഫ് എ ദുബായിയുമായുള്ള സഹകരണം വഖഫ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ജീവകാരുണ്യ പദ്ധതികൾക്ക് പിന്തുണ നൽകുന്നവരുടെ അടിത്തറ വികസിപ്പിക്കുന്നതിനും ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് ഔഖാഫ് ദുബായ് സെക്രട്ടറി ജനറൽ അലി മുഹമ്മദ് അൽ മുതവ അഭിപ്രായപ്പെട്ടു. സുസ്ഥിര വികസനത്തിൽ വഖഫ് പ്രവർത്തനങ്ങളെ സജീവ പങ്കാളിയാക്കാനുള്ള ദുബായിയുടെ കാഴ്ചപ്പാടാണ് ഈ സംരംഭം പ്രതിഫലിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

ദുബായിയെ ലോകത്തിലെ ഏറ്റവും സുസ്ഥിരവും മനുഷ്യ കേന്ദ്രീകൃതവുമായ നഗരമാക്കി മാറ്റുന്നതിനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്‌ക്കുന്നതിനായി സ്ഥാപനപരമായ സംയോജനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, സഹിഷ്ണുതയ്ക്കും മാനുഷിക സംഭാവനകൾക്കുമുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ജിഡിആർഎഫ്എ-ദുബായുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പങ്കാളിത്തമെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply