യുദ്ധം അവസാനിക്കുന്നു?; വെടിനിർത്തലിന് ധാരണ, ബന്ദികളെ മോചിപ്പിക്കും, ഇസ്രയേൽ സൈന്യം പിൻവാങ്ങും

ഗാസയിൽ വെടിനിർത്തലിനായുള്ള കരാറിന്റെ ആദ്യ ഘട്ടം വിജയകരമാണെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇസ്രയേലും ഹമാസും തമ്മിൽ പ്രാഥമിക സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വിവരം ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെക്കുകയും ചെയ്തു.എല്ലാ ബന്ദികളെയും ഉടൻ തന്നെ വിട്ടയക്കുമെന്നും, ഇസ്രയേൽ സൈന്യം എത്രയും വേഗം ഒരു നിശ്ചിത അതിർത്തിയിലേക്ക് പിൻവാങ്ങുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇതൊരു ചരിത്രപരമായ നീക്കമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഖത്തർ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.

ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനായി ഈജിപ്തിലെ കയ്‌റോയിൽ ആരംഭിച്ച സമാധാന ചർച്ചയുടെ മൂന്നാം ദിവസത്തിലാണ്, ആദ്യഘട്ടം വിജയിച്ചതായി ട്രംപ് അവകാശവാദം ഉന്നയിച്ചത്. അമേരിക്ക, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും സന്ധിസംഭാഷണങ്ങളിൽ പങ്കെടുത്തു. ഖത്തർ പ്രധാനമന്ത്രി ശൈഖ് മൊഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽ താനി, തുർക്കിയുടെ രഹസ്യാന്വേഷണ വിഭാഗം തലവൻ ഇബ്രാഹിം കാലിൻ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജരേദ് കഷ്‌നർ, യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കാനായി ബുധനാഴ്ച ഈജിപ്തിലെത്തിയത്. ഇസ്രയേലി ബന്ദികളെ വിട്ടയക്കുന്നതിനു പകരമായി മോചിപ്പിക്കേണ്ട പലസ്തീൻ പൗരന്മാരുടെ പേരുകൾ ഹമാസും ഖത്തർ, ഈജിപ്ത്, യുഎസ് പ്രതിനിധികളുമായി നടന്ന പ്രാഥമിക ചർച്ചയിൽ കൈമാറിയതായി ഹമാസിന്റെ മുതിർന്ന നേതാവ് താഹെർ നൂനൗ ബുധനാഴ്ച രാവിലെ സ്ഥിരീകരിച്ചു.

2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ രണ്ടാം വാർഷിക ദിനമായ ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, യുദ്ധം ഉടൻ അവസാനിക്കുമെന്നും പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഹമാസും ഇസ്രയേലും വെടിനിർത്തൽ കരാർ അംഗീകരിച്ചാൽ, അത് ലംഘിക്കപ്പെടില്ലെന്ന് ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഹമാസിനെ പൂർണ്ണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം തങ്ങൾ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ 20 ഇന സമാധാന പദ്ധതി നടപ്പാക്കുക എന്നതാണ് ഈജിപ്തിൽ നടക്കുന്ന ചർച്ചകളുടെ പ്രധാന അജൻഡ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply