വയനാട് വന്യജീവി സങ്കേതത്തിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച ആദിവാസി വയോധികൻ കൂമൻ എന്ന മാരന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കേരള സർക്കാർ അറിയിച്ചു. ഇതിൽ ആറ് ലക്ഷം രൂപ ഉടൻ തന്നെ കൈമാറും. ധനസഹായത്തിന് പുറമെ ആദിവാസികൾക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് തുകയും കുടുംബത്തിന് ലഭ്യമാക്കും. കൂമന്റെ മകന് വനംവകുപ്പിൽ താത്കാലിക ജോലി നൽകുമെന്ന് അസിസ്റ്റന്റ് കൺസർവേറ്റർ എം. ജോഷിൽ വ്യക്തമാക്കി.
വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് ദേവർഗദ്ദ മാടപ്പള്ളി ഉന്നതിയിലെ കൂമനെ കടുവ ആക്രമിച്ചത്. കൂമനെ ആക്രമിച്ച കടുവയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കടുവയെ കണ്ടെത്തുന്നതിനായി വനത്തിനുള്ളിൽ വിവിധ ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനവാസ മേഖലയ്ക്ക് ഭീഷണിയാകുന്ന കടുവയെ കൂട് വെച്ച് പിടികൂടാനുള്ള നടപടികൾ വനംവകുപ്പ് വേഗത്തിലാക്കി.
പുഴയോരത്ത് സഹോദരിക്കൊപ്പം വിറക് ശേഖരിക്കവെയാണ് കൂമനെ കടുവ പിടികൂടിയത്. വനപാലകരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ രണ്ട് കിലോമീറ്റർ അകലെ വനത്തിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്ചിയാട് റേഞ്ചിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. വനത്തിനോട് ചേർന്ന് താമസിക്കുന്നവർക്ക് വനംവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

