ദുബായ് എയർഷോയിലെ വ്യോമാഭ്യാസ പ്രകടനത്തിനിടെ ഇന്ത്യൻ നിർമ്മിത യുദ്ധവിമാനമായ ‘തേജസ്’ തകർന്ന് പൈലറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചു. നിലവിൽ ദുബായ് ഏവിയേഷൻ അതോറിറ്റിയുമായി സഹകരിച്ചാണ് അന്വേഷണ നടപടികൾ പുരോഗമിക്കുന്നത്. തകർന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. പൈലറ്റ് നമാംശിന്റെ മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കുമെന്നാണ് വിവരം.
വിമാനം തകരാനിടയായ സാഹചര്യം വ്യോമസേന വിശദമായി പരിശോധിക്കുന്നതായാണ് റിപ്പോർട്ടുകൾ. 70 ശതമാനവും ഇന്ത്യൻ നിർമ്മിതമായ തേജസ് വിമാനത്തിന്റെ അപകടത്തിൽ, പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്ത് രക്ഷപ്പെടാൻ കഴിഞ്ഞില്ല എന്നതിലാണ് പ്രധാനമായും അന്വേഷണം കേന്ദ്രീകരിക്കുന്നത്. തദ്ദേശീയമായി നിർമ്മിച്ച തേജസ് എംകെ1 യുദ്ധവിമാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ വർഷം മാർച്ചിൽ രാജസ്ഥാനിലെ ജയ്‌സൽമേറിൽ വെച്ചുണ്ടായ ആദ്യ അപകടത്തിൽ, പൈലറ്റ് ഇജക്റ്റ് ചെയ്ത് സുരക്ഷിതമായി രക്ഷപ്പെട്ടിരുന്നു.
ദുബായ് എയർ ഷോയുടെ അവസാന ദിവസമായ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ സംഘത്തോടൊപ്പം തേജസ് നടത്തിയ വ്യോമാഭ്യാസ പ്രകടനങ്ങൾക്കിടെയാണ് അപകടം സംഭവിച്ചത്. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്ക്ക് പ്രകടനം നടത്തുന്നതിനിടെ വിമാനം മുകളിലേക്ക് ഉയർന്ന് കരണംമറിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. വിമാനം നിലംപതിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടത്തിന് ശേഷം ഏകദേശം രണ്ട് മണിക്കൂറോളം എയർ ഷോ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

