ഇൻസ്റ്റഗ്രാം മെസേജിന്റെ പേരിൽ ഭീഷണിപ്പെടുത്തി; പതിനാലുകാരൻ തുങ്ങിമരിച്ച സംഭവത്തിൽ അധ്യാപികയ്ക്കെതിരെ കുടുംബം

പാലക്കാട് പല്ലൻചാത്തൂരിൽ ഒൻപതാം ക്ലാസുകാരൻ തുങ്ങിമരിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ ആരോപണം. അധ്യാപിക ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മനംനൊന്താണ് പതിനാലുകാരൻ അർജുൻ ജീവനൊടുക്കി എന്നാണ് ആരോപണം. പാലക്കാട് കണ്ണാടി ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസുകാരനാണ് മരിച്ച അർജുൻ.

കുട്ടികൾ തമ്മിൽ ഇൻസ്റ്റയിൽ മെസേജ് അയച്ച സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുടെ ഇടപെടലാണ് കുട്ടിയുടെ മരണത്തിന് കാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം. ഇൻസ്റ്റഗ്രാം മെസേജിൽ മോശം വാക്കുകൾ ഉപയോഗിച്ചെന്ന് പരാതി ഉയർന്നിരുന്നു. ഈ വിഷയം രക്ഷിതാക്കൾ ഇടപെട്ട് പരിഹരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ക്ലാസ് ടീച്ചർ കുട്ടികളുടെ മുന്നിൽ വച്ച് ഭീഷണിപ്പെടുത്തി. അർജുനെ അധ്യാപിക നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു.

വിഷയത്തിൽ ഇടപെട്ട അധ്യാപിക കുട്ടികളുടെ ചെവിയിൽ പിടിച്ച് തല്ലിയെന്നും ബന്ധുക്കളും സഹപാഠികളും പറയുന്നു. സൈബർ സെല്ലിൽ കേസ് കൊടുക്കും, ജയിലിൽ കിടക്കേണ്ടിവരുമെന്നും പിഴയടക്കേണ്ടിവരുമെന്നും അധ്യാപിക പറഞ്ഞിരുന്നതായും സഹപാഠികൾ ഉൾപ്പെടെ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഷയത്തിൽ പരാതിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. എന്നാൽ, കുട്ടിയെ ഭീഷണിപ്പെടുത്തുന്ന വിധത്തിൽ ഇടപെട്ടിട്ടില്ലെന്നും തെറ്റ് കണ്ടപ്പോൾ ഇടപെടുക മാത്രമാണ് ചെയ്തത് എന്നുമാണ് സ്‌കൂൾ അധികൃതരുടെ നിലപാട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply