എം.എച്ച്. 370 വിമാനത്തിനു വേണ്ടിയുള്ള തിരച്ചിൽ മലേഷ്യ പുനരാരംഭിക്കുന്നു

2014-ൽ അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസിന്റെ എം.എച്ച്. 370 വിമാനത്തിനുവേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കാൻ മലേഷ്യ തീരുമാനിച്ചു. ഡിസംബർ 30-ന് തിരച്ചിൽ ആരംഭിക്കുമെന്ന് മലേഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം താമസിയാതെ നിർത്തിവെച്ചിരുന്നു.

2014-ൽ ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്കുള്ള യാത്രാമധ്യേയാണ് ബോയിംഗ് 777 വിമാനമായ എം.എച്ച്. 370 അപ്രത്യക്ഷമായത്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചിലുകളിൽ ഒന്നായിരുന്നു പിന്നീട് നടന്നതെങ്കിലും വിമാനത്തെക്കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിരുന്നില്ല. വിമാനത്തിൽ 227 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനം കണ്ടെത്താൻ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ തിരച്ചിൽ കേന്ദ്രീകരിക്കുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. യാത്രക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും ചൈനക്കാരായിരുന്നു; ബാക്കിയുള്ളവർ മലേഷ്യ, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. വിമാനത്തിന് എന്ത് സംഭവിച്ചു, എങ്ങനെ അപ്രത്യക്ഷമായി തുടങ്ങിയ നിർണ്ണായക ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് മലേഷ്യൻ സർക്കാർ തിരച്ചിൽ പുനരാരംഭിക്കുന്നത്.

വിമാനം അതിൻ്റെ വ്യോമ പാതയിൽ നിന്ന് തെന്നിമാറി തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പോയതായി ഉപഗ്രഹ ഡാറ്റയിൽ കാണിച്ചിരുന്നു. അവിടെ ഇന്ധനം തീർന്ന് തകർന്നുവീണിരിക്കാമെന്നാണ് പറയപ്പെടുന്നത്. തുടക്കത്തിൽ, ഓസ്‌ട്രേലിയയുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് വർഷത്തിനിടെ 1,20,000 ചതുരശ്ര കിലോമീറ്റർ (46,300 ചതുരശ്ര മൈൽ) സമുദ്രത്തിൽ അരിച്ചുപെറുക്കിയിരുന്നു. വിമാനത്തിൻ്റേതെന്ന് കരുതുന്നതും അല്ലാത്തതുമായ ഏതാനും അവശിഷ്ടങ്ങൾ കണ്ടെത്തി എന്നല്ലാതെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ സാധിച്ചിരുന്നില്ല.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply