ഇ.ഡി. പ്രസാദ് ശബരിമല മേൽശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

തുലാമാസ പൂജകൾക്കായി ശബരിമല, മാളികപ്പുറം നടകൾ തുറന്നതിന് പിന്നാലെ മേൽശാന്തിമാർക്ക് വേണ്ടിയുള്ള നറുക്കെടുപ്പ് നടന്നു. തൃശ്ശൂർ ചാലക്കുടി സ്വദേശി ഏറന്നൂർ മനയിലെ ഇ.ഡി. പ്രസാദിനെ ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തു. കൊല്ലം കൂട്ടിക്കട സ്വദേശി മനു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുത്തു. മൂന്നാമത്തെ തവണയാണ് മനു നമ്പൂതിരി അപേക്ഷിക്കുന്നത്. ശബരിമല മേൽശാന്തി പദവിക്കായി 14 പേരാണ് അവസാനഘട്ട പട്ടികയിലുണ്ടായിരുന്നത്.

നിലവിൽ ആറേശ്വരം ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിലെ മേൽശാന്തിയാണ് പ്രസാദ്. മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് പ്രസാദ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മേൽശാന്തി പദവിക്കായി മൂന്നാം തവണയാണ് പ്രസാദ് അപേക്ഷിക്കുന്നത്. ഭഗവാൻ തന്റെ അപേക്ഷ സ്വീകരിച്ചുവെന്നും പ്രസാദ് കൂട്ടിച്ചേർത്തു.

തുലാമാസ പൂജകൾക്കായി ഇന്നലെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. സാധാരണ മാസപൂജയ്ക്കായി വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നതെങ്കിലും ദ്വാരപാലക ശില്പങ്ങളിൽ നവീകരിച്ച സ്വർണപ്പാളികൾ ഉറപ്പിക്കാനുള്ളതിനാൽ ഇക്കുറി നാലുമണിക്കേ തുറന്നു. പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ച ശേഷമാണു തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കുക. ഇന്ന് മുതൽ 22 വരെ ദിവസവും ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ചിത്തിര ആട്ടത്തിരുനാൾ പ്രമാണിച്ച് 21-ന് വിശേഷാൽ പൂജകൾ ഉണ്ടാകും. 22-ന് രാത്രി 10-ന് നട അടയ്ക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply