ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു. തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും പോറ്റി ഒരു കാര്യത്തിനും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പോറ്റി അയച്ച ഇ-മെയിൽ ലഭിച്ച കാര്യം എൻ. വാസു സ്ഥിരീകരിച്ചു. 2019 ഡിസംബർ 9-ന് ലഭിച്ച ഈ മെയിലിൽ, ദ്വാരകപാലകരുടെയും ശ്രീകോവിൽ വാതിലിന്റെയും ജോലികൾ പൂർത്തിയാക്കിയ ശേഷം സ്വർണം ബാക്കിയുണ്ടെന്നും, ഇത് ഒരു പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിനായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു പോറ്റിയുടെ ആവശ്യം. ഇ-മെയിലിന് മറുപടിയായി, ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങണമെന്ന് താൻ നിർദ്ദേശിക്കുകയും, മെയിൽ തിരുവാഭരണം കമ്മീഷണർക്ക് കൈമാറുകയും ചെയ്തുവെന്ന് വാസു വിശദീകരിച്ചു. ഇത് സ്വാഭാവിക നടപടിയായിരുന്നുവെന്നും, തന്റെ നടപടിയിൽ പിശകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർനടപടി എടുക്കേണ്ട ഉത്തരവാദിത്തം കമ്മീഷണർക്കായിരുന്നുവെന്നും ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കിട്ടാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും വാസു കൂട്ടിച്ചേർത്തു.
സ്വർണപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവ സമർപ്പിക്കപ്പെട്ട സമയത്ത് താൻ കമ്മീഷണറോ പ്രസിഡന്റോ ആയിരുന്നില്ലെന്ന് വാസു പറഞ്ഞു. വാതിൽ മാറ്റാനുള്ള തീരുമാനം തനിക്കു മുൻപേ എടുത്തതാണ്. സ്വർണം ചെമ്പായി മാറിയ സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും, ക്രമക്കേടുകൾ അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. തൂക്കക്കുറവ് അന്ന് ആരും ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ലെന്നും, ആക്ഷേപങ്ങൾ ഇല്ലാതിരുന്നതിനാൽ അന്വേഷിക്കേണ്ട ആവശ്യം വന്നില്ലെന്നും എൻ. വാസു വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

