ശബരിമല സ്വർണ്ണപ്പാളി വിവാദം; ക്ലിഫ് ഹൗസിലേക്ക് ഇന്ന് ബിജെപി മാർച്ച്; നാളെ കോൺഗ്രസ് പ്രതിഷേധ സംഗമം

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ പ്രക്ഷോഭത്തിന് പ്രതിപക്ഷ പാർട്ടികൾ. ബിജെപി ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 10 ന് മ്യൂസിയം പരിസരത്തു നിന്ന് ആരംഭിക്കുന്ന മാർച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.

നാളെ വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമല സംരക്ഷണത്തിന് രണ്ടാം മണ്ഡല കാല പ്രക്ഷോഭം നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.അതേസമയം സ്വർണപ്പാളി വിഷയത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് മേഖലാ പ്രതിഷേധ ജാഥകൾ സംഘടിപ്പിക്കും. കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബഹനാൻ എന്നിവരാകും നാലു ജാഥകൾ നയിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.

കെ മുരളീധരൻ കാസർകോടു നിന്നും, കൊടിക്കുന്നിൽ സുരേഷ് പാലക്കാടു നിന്നും, അടൂർ പ്രകാശ് തിരുവനന്തപുരത്തു നിന്നും നയിക്കുന്ന ജാഥകൾ 14 ന് തുടങ്ങും. ബെന്നി ബെഹനാൻ നയിക്കുന്ന ജാഥ 15 ന് മൂവാറ്റുപുഴയിൽ നിന്നാണ് തുടങ്ങുക. നാലു ജാഥകളും 18 ന് പന്തളത്ത് പ്രതിഷേധ മാർച്ചോടെ സമാപിക്കും.
ഇതിനു മുന്നോടിയായി നാളെ പത്തനംതിട്ടയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. വൈകീട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്യോതി തെളിയിച്ച് പ്രകടനം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply