രാഹുൽ മാങ്കൂട്ടത്തിൽ വടി കൊടുത്ത് അടി വാങ്ങി; ഇരയെ മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചതിൽ രാഹുലിന് ഉത്തരവാദിത്തമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യുടെ കാര്യത്തിൽ സംഭവിച്ചത് ‘വടി കൊടുത്ത് അടി വാങ്ങിയതിന്’ തുല്യമാണെന്ന് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഇരയായ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും മാധ്യമങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്തതാണ് രാഹുൽ ചെയ്തതെന്ന് ഉണ്ണിത്താൻ കുറ്റപ്പെടുത്തി.

പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടി അംഗീകരിച്ച് അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനായി തുടരേണ്ടതിനു പകരം, രാഹുൽ പാർട്ടിയെ വെല്ലുവിളിച്ചു. കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവിനെ വെല്ലുവിളിച്ചുകൊണ്ടാണ് രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തത്. കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരെക്കാൾ പിന്തുണ തനിക്കുണ്ടെന്ന് കാണിക്കാൻ രാഹുൽ ശ്രമിച്ചു. “അദ്ദേഹത്തിന്റെ ഭാവി അദ്ദേഹം തന്നെ ഇല്ലാതാക്കി. പാർട്ടി സ്വീകരിച്ച നടപടി ശരിയാണെന്ന് തെളിയിച്ചു,” രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ പ്രകോപിപ്പിക്കുന്ന രീതിയിലായിരുന്നു രാഹുലിന്റെ പെരുമാറ്റം. ഇരയെ പ്രകോപിപ്പിച്ച് മുഖ്യമന്ത്രിയുടെ അടുത്ത് എത്തിച്ചതിന്റെ മുഴുവൻ ഉത്തരവാദിത്തവും രാഹുലിന് മാത്രമാണ്. രാഹുലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടവരെ മുഴുവൻ അദ്ദേഹത്തിന്റെ പി.ആർ. ടീം ആക്രമിച്ചു. ഈ ആക്രമണം ഭയന്ന് പല നേതാക്കളും മിണ്ടാതിരിക്കുകയായിരുന്നു. രാഹുലിനെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചവർ മാറി ചിന്തിക്കണം. “നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ. സുധാകരൻ ഓരോ കാലത്തും ഓരോ കാര്യങ്ങൾ മാറ്റി പറയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും ഉണ്ണിത്താൻ പറഞ്ഞു. കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാൻ രാഹുൽ ശ്രമിച്ചു. അതേസമയം, രാഹുലിന്റെ രാജി ആവശ്യപ്പെടാൻ ഇടതുപക്ഷത്തിന് അർഹതയില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. വ്യക്തമാക്കി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply