ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം ജില്ലാ കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ജില്ലാ കോടതി തെളിവുകൾ വേണ്ടത്ര പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് സർക്കാർ ഹരജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
വിവാഹ വാഗ്ദാനം നൽകി രാഹുൽ യുവതിയെ ബലാത്സംഗം ചെയ്തതിന് വ്യക്തമായ തെളിവുകൾ പ്രോസിക്യൂഷൻ ജില്ലാ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ, ഈ തെളിവുകൾ വിശദമായി പരിശോധിക്കുന്നതിൽ കോടതിക്ക് വീഴ്ച പറ്റി. രാഹുൽ ഒരു സ്ഥിരം കുറ്റവാളിയാണ് എന്നും, നേരത്തെയും സമാനമായ ഒരു ബലാത്സംഗ കേസിൽ പ്രതി ചേർത്തിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രണ്ടാമത് രജിസ്റ്റർ ചെയ്ത ഈ കേസിൽ രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അന്വേഷണത്തിന് അനിവാര്യമാണെന്നും സർക്കാർ വാദിച്ചു.
അതേസമയം, രാഹുലിന് വേണ്ടി സുഹൃത്ത് ജോബി ജോസഫ് വഴി നേരത്തേ തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി സമീപിച്ചിരുന്നു. രാഹുലിനെതിരെ ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

