രാഹുൽ മാങ്കൂട്ടത്തിൽ കേസുമായി ബന്ധപ്പെട്ട പരാതിക്കാരി തനിക്കെതിരെ വ്യാജ പരാതി നൽകിയതാണെന്ന് ആരോപിച്ച് രാഹുൽ ഈശ്വർ രംഗത്ത്. താൻ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന യുവതിയുടെ പരാതി തെറ്റാണെന്നും ഇതിനെതിരെ സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്മാർക്കെതിരെ കള്ളപ്പരാതി നൽകുന്ന പ്രവണത അവസാനിപ്പിക്കാനാണ് തന്റെ നീക്കമെന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിനോ വീഡിയോ ചെയ്യുന്നതിനോ കോടതി തനിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി.
“പരാതിക്കാരി എന്ന് പറയുന്ന പെൺകുട്ടിയുടെ ഭർത്താവാണ് യഥാർത്ഥത്തിൽ അതിജീവിതൻ. അവനെ പിന്തുണച്ച് വീഡിയോ ചെയ്തതാണ് അവരെ പ്രകോപിപ്പിച്ചത്. സ്ത്രീസുരക്ഷ എന്ന ആശയത്തെ ഇവർ ദുരുപയോഗം ചെയ്യുകയാണ്. പീഡനാരോപണം നിലനിൽക്കില്ല എന്ന് കോടതി ഉത്തരവിൽ തന്നെ പറയുന്നുണ്ട്. പിന്നെ എങ്ങനെയാണ് അവർ അതിജീവിതയാകുന്നത്?” എന്ന് രാഹുൽ ഈശ്വർ ചോദിച്ചു. പരാതിക്കാരിയുടെ ഐഡന്റിറ്റി താൻ വെളിപ്പെടുത്തിയിട്ടില്ലെന്നും ആ ഫോട്ടോ ഷെയർ ചെയ്യുകയോ ലൈക്ക് ചെയ്യുകയോ പോലും ചെയ്തിട്ടില്ലെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.
ദിലീപിനെപ്പോലുള്ളവരെ കള്ളക്കേസിൽ ജയിലിലിടാൻ സാധിക്കുമെങ്കിൽ ഇവിടെ ആരും സുരക്ഷിതരല്ലെന്നും രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനോട് തനിക്ക് രാഷ്ട്രീയമായ എതിർപ്പുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ താൻ കള്ളം പറയില്ലെന്നും എന്നാൽ ആളുകളെ കള്ളക്കേസിൽ പെടുത്തുന്ന പരിപാടി നിർത്തണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. ഇല്ലാത്ത പരാതിയുടെ പേരിലാണ് തന്നെ ക്രൂശിക്കുന്നതെന്നും ഇതിനെതിരെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ സുഹൃത്തല്ലെന്നും വ്യത്യസ്ത രാഷ്ട്രീയമുള്ളവരാണെന്നും രാഹുൽ ഈശ്വർ ഓർമ്മിപ്പിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

