നിയമസഭയിൽ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന പരാമർശവുമായി ആലപ്പുഴയിൽ നിന്നുള്ള സിപിഎം എംഎൽഎ പി പി ചിത്തരഞ്ജൻ. ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ പരിഹസിക്കാൻ ആയിരുന്നു ചിത്തരഞ്ജന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതിപക്ഷ അംഗത്തെ ബോഡി ഷെയിമിങ് നടത്തിയെന്ന വിഷയത്തിൽ വിവാദം തുടരുന്നതിനിടെയാണ് ചിത്തരഞ്ജന്റെ പദപ്രയോഗങ്ങൾ.
‘രണ്ട് കൈയും ഇല്ലാത്തവന്റെ ചന്തിയിൽ ഉറുമ്പ് കയറിയാൽ ഉണ്ടാകുന്ന അവസ്ഥയിലാണ് പ്രതിപക്ഷം’ എന്നായിരുന്നു ചിത്തരഞ്ജന്റെ അധിക്ഷേപം. ചിത്തരഞ്ജന്റെ പ്രതികരണം സഭ്യേതരമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് തന്നെയാണ് ചിത്തരഞ്ജന്റെ പരാമർശത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളും നിയമസഭയിൽ സഭ്യേതരമായാണ് ഇടപെടുന്നത്. ഭരണപക്ഷത്ത് നിന്നും മോശം പരാമർശങ്ങൾ നിരന്തരം ഉണ്ടാകുമ്പോഴും സ്പീക്കർ തടയാൻ ശ്രമിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
അതേസമയം, പി പി ചിത്തരഞ്ജന്റെ പരാമർശം സിപിഎമ്മിനെതിരെ ആയുധമാക്കുകയാണ് കോൺഗ്രസ്. എംഎൽഎയുടെ വാക്കുകൾ സിപിഎം നേതാക്കൾ സ്വയം അപരിഷ്‌കൃതരും അപ്രസക്തരുമാകുന്നതിന്റെ ഉദാഹരണമാണ് എന്നും നാടുമാറന്നത് ഇവർ അറിയുന്നില്ലെന്നും കോൺഗ്രസ് നേതാവ് ബൽറാം ആരോപിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം. പഞ്ച് ഡയലോഗുകൾ അടിക്കാനുള്ള ഈ വ്യഗ്രതയാണ് വിജയൻ മുതൽ ചിത്തരഞ്ജൻ വരെയുള്ള സിപിഎമ്മുകാരുടെ യഥാർത്ഥ പ്രശ്‌നം. കാരണം, വസ്തുതാപരമായ വാദങ്ങൾക്കല്ല, ഇത്തരം ഡയലോഗുകൾക്കും വീരസ്യം പറച്ചിലുകൾക്കുമാണ് കയ്യടി കിട്ടുക എന്നാണവർ ധരിച്ചു വച്ചിരിക്കുന്നത്, അഥവാ അങ്ങനെയാണ് അവരുടെ അണികളിൽ നിന്ന് ഇതുവരെയുള്ള അനുഭവം എന്നും ബൽറാം പറയുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

