പുടിൻ ഇന്ത്യയിൽ: 2021ന് ശേഷം ആദ്യ സന്ദർശനം; വിമാനത്താവളത്തിൽ സ്വീകരിച്ച് പ്രധാനമന്ത്രി മോദി

രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തി. വൈകീട്ട് 6.35-നാണ് പുടിനെ വഹിച്ചുള്ള വിമാനം ഡൽഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് പുടിൻ ഇന്ത്യയിലെത്തിയത്. 2021-ന് ശേഷം ആദ്യമായാണ് അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നത്. യുക്രൈനുമായുള്ള റഷ്യയുടെ യുദ്ധം തുടങ്ങിയ ശേഷമുള്ള ആദ്യ സന്ദർശനം കൂടിയാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഒട്ടേറെ പ്രതിരോധ, വ്യാപാര കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദേശ നേതാവിനെ വിമാനത്താവളത്തിൽ പോയി സ്വീകരിക്കാനുള്ള പ്രധാനമന്ത്രിയുടെ അപൂർവ നയതന്ത്ര നീക്കമെന്നോണം, പ്രോട്ടോക്കോൾ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇത് സന്ദർശനത്തിനു ഇന്ത്യ നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ഒട്ടേറെ വ്യാപാര പ്രമുഖരും പുടിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇന്ന് രാത്രി പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റിനു വിരുന്നൊരുക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് പുടിന്റെ ഇന്ത്യയിലെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നത്. പ്രധാനമന്ത്രി മോദിയുമായി പുടിൻ ചർച്ച നടത്തും. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പുടിൻ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പുടിൻ രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപത്തിൽ ആദരമർപ്പിക്കും. പിന്നീട് ഹൈദരാബാദ് ഹൗസിലേക്ക് പോകും, അവിടെയായിരിക്കും ഉഭയകക്ഷി ചർച്ചകൾ നടക്കുക.

പുടിന്റെ സന്ദർശന വേളയിൽ പുതിയ ആയുധ കരാറുകൾ ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും, സുഖോയ് 57, എസ് 400 എന്നിവയുടെ കാര്യത്തിൽ പുടിൻ – മോദി കൂടിക്കാഴ്ചയിൽ ചർച്ച നടക്കാനാണ് സാധ്യത. എണ്ണ ഇറക്കുമതി അടക്കം വ്യാപാര രംഗത്തെ വിഷയങ്ങളും ചർച്ചയാകുമെന്നാണ് സൂചന. ഉഭയകക്ഷി കരാറുകൾ ഒപ്പുവെക്കുന്നതിനൊപ്പം ഇരുനേതാക്കളുടെയും സംയുക്ത പ്രസ്താവനയുമുണ്ടാകും. പ്രാദേശിക – ആഗോള വിഷയങ്ങളിലടക്കം ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യ – യുക്രൈൻ സംഘർഷത്തിനു ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യ സന്ദർശനം അതീവ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ട്രംപ് ഭരണകൂടം ചുമത്തിയ 50 ശതമാനം തീരുവ കയറ്റുമതി മേഖലയ്ക്ക് ആഘാതമായ സാഹചര്യത്തിൽ റഷ്യയുമായി വ്യാപാരബന്ധം വിപുലപ്പെടുത്താനാകും ഇന്ത്യയുടെ ശ്രമം. യുഎസ് ഭീഷണിയെ തുടർന്ന് റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യ വെട്ടിച്ചുരുക്കിയിരുന്നു. റഷ്യയിലേക്ക് കൂടുതൽ യന്ത്രഭാഗങ്ങൾ, രാസവസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ കയറ്റുമതി ചെയ്യാനാണ് ഇന്ത്യ താല്പര്യപ്പെടുന്നത്. ഇന്ത്യയുമായുള്ള ആണവോർജ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള ധാരണാപത്രത്തിന് റഷ്യൻ മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply