പാക്കിസ്താനിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ‘ഡോൺ’ (Dawn) പ്രസിദ്ധീകരിച്ച ബിസിനസ് വാർത്തയുടെ അവസാന ഭാഗത്ത് എഡിറ്റർമാർ നീക്കം ചെയ്യാൻ മറന്ന ചാറ്റ് ജിപിടി പ്രോംപ്റ്റ് ഉൾപ്പെട്ടത് വലിയ വിവാദമായി. ഒക്ടോബറിലെ വാഹന വിൽപ്പനയെക്കുറിച്ചുള്ള റിപ്പോർട്ടിനൊപ്പമാണ് എഐ നിർമ്മിത മെസ്സേജ് അച്ചടിച്ചുവന്നത്.
“നിങ്ങൾക്ക് വേണമെങ്കിൽ പരമാവധി വായനക്കാരിൽ സ്വാധീനം ചെലുത്താൻ അനുയോജ്യമായ ഒരു ബോൾഡ്, ഇൻഫോഗ്രാഫിക്-റെഡി ലേഔട്ടും ഉൾപ്പെടുന്ന ഒരു മികച്ച ‘ഫ്രണ്ട്-പേജ് സ്റ്റൈൽ’ പതിപ്പ് ഞാൻ സൃഷ്ടിച്ചു നൽകാം. അടുത്തതായി ഞാൻ അത് ചെയ്യണോ?” – ഇങ്ങനെയാണ് പത്രം അച്ചടിച്ചുവന്ന ലേഖനം അവസാനിച്ചത്. വാർത്ത പ്രസിദ്ധീകരിച്ച ഉടൻ തന്നെ ഇതിന്റെ സ്ക്രീൻഷോട്ടുകൾ എക്‌സിൽ വൈറലായി. പത്രത്തിന്റെ അനാസ്ഥയെ പരിഹസിച്ചുകൊണ്ട് നിരവധി ഉപയോക്താക്കളാണ് രംഗത്തെത്തിയത്. മാധ്യമപ്രവർത്തകരായ ഷീരിൻ മസാരി, മൂയിദ് പിർസാദ തുടങ്ങിയവരടക്കം ഈ സംഭവത്തിനെതിരെ കടുത്ത വിമർശനങ്ങളുയർത്തി. ഇത്രയും പ്രശസ്തമായ ഒരു പത്രത്തിന് ഇത് ലജ്ജാകരമാണെന്നും ഇവർ അഭിപ്രായപ്പെട്ടു.
വിവാദം ശക്തമായതോടെ, ഡോൺ പത്രം തെറ്റ് സമ്മതിച്ച് എക്‌സിൽ വിശദീകരണം നൽകി. “ഡോണിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് വാസ്തവത്തിൽ എഐ ഉപയോഗിച്ചാണ് എഡിറ്റ് ചെയ്തത്. ഇത് ഞങ്ങളുടെ നിലവിലെ എഐ നയത്തിന്റെ ലംഘനമാണ്. ഡിജിറ്റൽ പതിപ്പിൽ നിന്നും നീക്കം ചെയ്ത എഐ ജനറേറ്റ് ചെയ്ത ആർട്ടിഫാക്റ്റ് ടെക്സ്റ്റ് ഒറിജിനൽ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. വിഷയം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എഐ നയത്തിന്റെ ലംഘനത്തിൽ ഖേദിക്കുന്നു” – ഡോൺ കുറിച്ചു. സംഭവത്തെ തുടർന്ന് പത്രപ്രവർത്തനത്തിലെ സത്യസന്ധതയെയും വിശ്വാസ്യതയെയും കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. അച്ചടിക്കുന്നതിന് മുമ്പ് എന്ത് വാർത്തയാണ് നൽകുന്നതെന്ന് പത്രം മനസ്സിലാക്കണമെന്നും വായനക്കാർ അഭിപ്രായപ്പെട്ടു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

