പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; സഞ്ചാർ സാഥി ആപ്പിനെതിരെ പ്രതിപക്ഷം

കേന്ദ്രസർക്കാർ പുതിയ സ്മാർട്ട് ഫോണുകളിൽ ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമാക്കുന്നതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നു. ഈ തീരുമാനത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ജനങ്ങളുടെ സുരക്ഷയും ഫോണിൻ്റെ ഗുണമേന്മയും ഉറപ്പാക്കാനാണ് ആപ്പെന്നാണ് പുറമെ പറയുന്നതെങ്കിലും, “ബിഗ് ബ്രദറിന്” എല്ലാം നിരീക്ഷിക്കാനുള്ള നീക്കമാണിതെന്നും വിഷയം പാർലമെൻ്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് രാജ്യത്ത് നിരീക്ഷണത്തിൻ്റെ ‘കരിമ്പടം’ തീർക്കാനുള്ള മാർഗ്ഗമാണെന്ന് ജോൺ ബ്രിട്ടാസ് എം.പി. പ്രതികരിച്ചു. മൗലികാവകാശങ്ങളിലേക്കുള്ള കേന്ദ്രത്തിൻ്റെ കടന്നുകയറ്റമാണിതെന്നും ഈ വിഷയം പാർലമെൻ്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഒരു സർക്കാർ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും, ഈ ആപ്പിലൂടെ എന്ത് ശാക്തീകരണമാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൈബർ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി പുതിയ സ്മാർട്ട് ഫോണുകളിൽ ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമായും ഉൾപ്പെടുത്താനാണ് കേന്ദ്രസർക്കാരിൻ്റെ നിർദ്ദേശം. ഉപയോക്താക്കൾക്ക് അൺഇൻസ്റ്റാൾ ചെയ്യാനോ ഡിസേബിൾ ചെയ്യാനോ സാധിക്കാത്ത വിധത്തിൽ ഈ ആപ്ലിക്കേഷൻ പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്നാണ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്ക് ടെലികോം മന്ത്രാലയം നൽകിയ നിർദ്ദേശം.

സൈബർ കുറ്റകൃത്യങ്ങളും ഹാക്കിങ്ങും തടയുക, മോഷ്ടിക്കപ്പെട്ട ഫോണുകൾ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നിവയാണ് ആപ്ലിക്കേഷൻ അവതരിപ്പിച്ചതിൻ്റെ ലക്ഷ്യമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയം വാദിക്കുന്നത്. 1.2 ബില്യണിലധികം വരിക്കാരുള്ള ഇന്ത്യയിലെ മൊബൈൽ വിപണിയിൽ സൈബർ തട്ടിപ്പ്, ഫോൺ മോഷണം, വ്യാജ ഐ.എം.ഇ.ഐ. നമ്പറുകളുടെ ദുരുപയോഗം എന്നിവയ്‌ക്കെതിരെ കർശന നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply