കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഒരാഴ്ച മാത്രം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കുട്ടിയെ ഉപേക്ഷിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രി അധികൃതർ എത്തി കുഞ്ഞിനെ ലേബർ റൂമിലേക്ക് മാറ്റുകയും പരിചരണം നൽകുകയും ചെയ്തു. കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണെന്നാണ് ലഭിക്കുന്ന വിവരം. തുടർ നടപടികൾക്കായി ശിശുക്ഷേമ സമിതി അധികൃതർ എത്തി കുട്ടിയെ ഏറ്റെടുക്കും.
സംസ്ഥാനത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലുകളിൽ കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ എട്ട് കുരുന്നുകൾ എത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം കുട്ടികളെ ലഭിക്കുന്നത് ഇതാദ്യമാണ്.
ഒക്ടോബർ രണ്ടിന് രാത്രി തിരുവനന്തപുരം അമ്മത്തൊട്ടിലിൽ നിന്ന് 11 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയും, ഒക്ടോബർ മൂന്നിന് വൈകുന്നേരം കോഴിക്കോട് അമ്മത്തൊട്ടിലിൽ നിന്ന് 20 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയും ലഭിച്ചിരുന്നു. ആദ്യ കുഞ്ഞിന് ‘പുരസ്‌കാർ’ എന്നും രണ്ടാമത്തെ കുഞ്ഞിന് ‘ഹോർത്തൂസ്’ എന്നുമാണ് പേരിട്ടിരിക്കുന്നത്. പുരസ്‌കാർ തിരുവനന്തപുരം പരിചരണ കേന്ദ്രത്തിലും ഹോർത്തൂസ് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലും പ്രത്യേക പരിചരണത്തിലാണ്.
സെപ്റ്റംബർ 26-ന് സമൻ (തിരുവനന്തപുരം), 28-ന് ആദി (കോഴിക്കോട്), 29-ന് ആഗത (തിരുവനന്തപുരം), ഒക്ടോബർ ഒന്നിന് വീണ (ആലപ്പുഴ), ഒപ്പം ലഭിച്ച അഹിംസ, അക്ഷര (തിരുവനന്തപുരം) എന്നീ കുരുന്നുകളാണ് ഇതിനു മുൻപ് അമ്മത്തൊട്ടിലുകളിൽ എത്തിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

