കേരളത്തിലെ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണ (എസ്.ഐ.ആർ – Summary Intensive Revision) നടപടികൾ തടയാതെ സുപ്രീംകോടതി. ഈ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീംകോടതി ഡിസംബർ 2-ന് പരിഗണിക്കാനായി മാറ്റി. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി.
കേരളത്തിലെ നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ഡിസംബർ ഒന്നിനകം വിശദമായ റിപ്പോർട്ട് നൽകാനും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനൊപ്പം എസ്.ഐ.ആർ. നടപ്പാക്കുന്നതിൽ എന്തെങ്കിലും പ്രശ്നം നേരിടുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ളവർ എസ്.ഐ.ആർ. നടപടികളുമായി സഹകരിക്കുന്നുണ്ടെന്നും, ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് അറിയിക്കേണ്ടതെന്നും സംസ്ഥാന സർക്കാരിന് ഇതിൽ വാദം ഉന്നയിക്കാൻ അവകാശമില്ലെന്നും കേന്ദ്ര കമ്മീഷൻ അഭിപ്രായപ്പെട്ടു.
എന്നാൽ, കമ്മീഷൻ പറയുന്ന സാഹചര്യമല്ല കേരളത്തിലുള്ളതെന്ന് സംസ്ഥാന സർക്കാരിൻ്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിനെത്തുടർന്നാണ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളോട് കോടതി നിർദ്ദേശിച്ചത്. ഡിസംബർ 9-ന് പരിഗണിക്കാമെന്ന് കോടതി ആദ്യം പറഞ്ഞെങ്കിലും, നടപടികൾ ഡിസംബർ 4-ന് അവസാനിക്കുന്നതിനാൽ അടിയന്തരമായി പരിഗണിക്കണമെന്ന് കേരളത്തിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് ഡിസംബർ 2-ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

