ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിനടുത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ എറണാകുളം എടയ്ക്കാട്ടുവയൽ സ്വദേശി ഇന്ദ്രജിത്ത് സന്തോഷിന്റെ (22) മൃതദേഹം കണ്ടെത്തി. രണ്ടാഴ്ചയിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. ഇന്ദ്രജിത്തിന്റേതാണെന്ന് കുടുംബം മൃതദേഹം തിരിച്ചറിഞ്ഞതായി കമ്പനി അധികൃതർ അറിയിച്ചു.
ഒക്ടോബർ 16-നാണ് തുറമുഖത്തുനിന്ന് 31 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന ‘സ്വീക്വസ്റ്റ്’ എണ്ണക്കപ്പലിലേക്ക് ജീവനക്കാരുമായി പോവുകയായിരുന്ന ബോട്ട് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. ഇന്ദ്രജിത്ത് ഉൾപ്പെടെ 21 പേരാണ് അപകടസമയത്ത് ബോട്ടിൽ ഉണ്ടായിരുന്നത്. ഷാർജ ആസ്ഥാനമായുള്ള ഏരീസ് മറൈൻ ആൻഡ് എൻജിനീയറിങ് സർവീസ് കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവർ. കോന്നി സ്വദേശി ആകാശ് ഉൾപ്പെടെ 16 പേർ രക്ഷപ്പെട്ടു.
ഇതോടെ, ഈ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളികളുടെ എണ്ണം രണ്ടായി. നേരത്തെ, കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. പിറവം സ്വദേശിയായ ഇന്ദ്രജിത്ത് ഉൾപ്പെടെ അഞ്ചു പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുള്ളത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

