തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയായിലെ തീപിടിത്തത്തിന്റെ നഷ്ടം കണക്കാക്കാനുള്ള പരിശോധനകൾ ഇന്നും നാളെയുമായി നടക്കും. കത്തിനശിച്ച വാഹനങ്ങളുടെ കാലപ്പഴക്കം കണ്ടെത്താനുള്ള പരിശോധനയാണ് ആദ്യം നടക്കുക. അതിനുശേഷമേ വാഹനങ്ങളുടെ നിലവിലെ വില നിശ്ചയിക്കാനാകൂ. പരിശോധനകൾക്ക് ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ നേതൃത്വം നല്കും. തീ പിടിത്തത്തിനുള്ള യഥാർഥ കാരണം കണ്ടെത്താനുള്ള പരിശോധനകൾ പോലീസിന്റെയുംകൂടെ സഹായത്തോടെ നിർവഹിക്കും.
നന്പർ പ്ലേറ്റുകളടക്കം കത്തിപ്പോയതിനാൽ വാഹനങ്ങളുടെ ചേസ് നമ്പർ പരിശോധിച്ച് രജിസ്ട്രേഷൻ നമ്പർ കണ്ടെത്തിവേണം കാലപ്പഴക്കം നിർണയിക്കാൻ. മൂന്നൂറോളം വാഹനങ്ങൾ കത്തിനശിച്ചെന്നാണു പ്രാഥമിക നിഗമനം.
തീപിടിത്ത അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇത്രയും വാഹനങ്ങളുടെ ചേസ് നന്പർ പരിശോധിക്കാൻ രണ്ടുദിവസമെങ്കിലും വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനങ്ങൾ കത്തിനശിച്ചവരുടെ പരാതികൾ ഇനിയും ലഭിക്കാനുണ്ട്. അതിനുശേഷമേ യഥാർഥ നഷ്ടം കണക്കാക്കാനാകൂ. തുടർന്ന് റെയിൽവേ സാമഗ്രികളുടെ നഷ്ടവും റെയിൽവേയുടെകൂടെ സഹായത്തോടെ കണക്കാക്കും.
പാർക്കിംഗ് കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളുലൊന്നിനു തീപിടിച്ചതിനു പിന്നാലെ മറ്റു വാഹനങ്ങളിലേക്കു പടർന്നെന്നും പാർക്കിംഗ് കേന്ദ്രത്തിന് അടുത്തുള്ള റെയിൽവേ ഇലക്ട്രിക് ലൈനിലുണ്ടായ തീപ്പൊരു മൂടിയിട്ടിരുന്ന വാഹനത്തിൽ പതിച്ച് തീപിടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികളുടെ മൊഴികളുണ്ട്. ഇത് പോലീസ് പരിശോധിക്കും.
റെയിൽവേ ഇലക്ട്രിക് ലൈനിൽനിന്ന് നിയമപ്രകാരം പാലിക്കേണ്ട അകലം പാർക്കിംഗ് ഏരിയയ്ക്ക് ഇല്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഇതു വിശദമായി പരിശോധിക്കും. പാർക്കിംഗ് കരാർ, പാർക്കിംഗ് ഏരിയായിൽ ഒരുക്കിയിരുന്ന സുരക്ഷാ സംവിധാനങ്ങൾ, തീപിടിത്തം തടയാനായി ജീവനക്കാർക്കു പരിശീലനം നല്കിയിട്ടുണ്ടോ തുടങ്ങിയവയും പരിശോധനയുടെ ഭാഗമാകും.
തീപിടിത്ത സാഹചര്യങ്ങൾ ഒഴിവാക്കാൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ എല്ലാ നിർമാണ പ്രവർത്തനങ്ങളും സമഗ്രമായി പരിശോധിക്കാനും പദ്ധതിയുണ്ട്. റെയിൽവേ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് പരാതിയുയർന്ന സാഹചര്യത്തിലാണിത്.
റെയിൽവേ സ്റ്റേഷനിലെ താത്കാലികമായുള്ളതടക്കമുള്ള നിർമാണങ്ങൾ നിയമാനുസൃതമാണോയെന്നും സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെയെന്നു പരിശോധന നടത്താൻ കോർപറേഷൻ സെക്രട്ടറി തൃശൂർ റെയിൽവേ സ്റ്റേഷൻ മാനേജർക്കു നോട്ടീസ് നല്കിയിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

