ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട് കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവം ഏറെ പ്രതിഷേധാർഹവും വേദനാജനകവുമാണെന്ന് സി.ബി.സി.ഐ. പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. സന്യസ്തർക്ക് അവരുടെ സഭാവസ്ത്രം ധരിച്ച് രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന സംഭവങ്ങളുടെ തുടർച്ച മാത്രമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ മതേതര ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷാവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമാണിത് എന്നതിൽ സംശയമില്ലെന്ന് മാർ താഴത്ത് അഭിപ്രായപ്പെട്ടു. ദുർഗ് സംഭവം രാജ്യത്തെ ക്രൈസ്തവ മതന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി പരത്തിയിരിക്കുകയാണ്. മതന്യൂനപക്ഷങ്ങൾക്ക് ഭയമില്ലാതെ പ്രവർത്തിക്കാൻ ആവശ്യമായ സംരക്ഷണം നൽകാൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മാർ താഴത്ത് ആവശ്യപ്പെട്ടു.
ഈ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുന്നതിനോട് സഭ യോജിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രേരിതമായ കുറ്റപ്പെടുത്തലുകളല്ല, മറിച്ച് ക്രൈസ്തവ ന്യൂനപക്ഷത്തിന് സംരക്ഷണം ഉറപ്പാക്കുന്ന നടപടികളാണ് ഉണ്ടാകേണ്ടത്. അതിന് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാക്കനാട് സിറോ മലബാർ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാർ ആൻഡ്രൂസ് താഴത്ത്. സിറോ മലബാർ മീഡിയ കമ്മീഷൻ ചെയർമാൻ മാർ തോമസ് തറയിൽ, എ.കെ.സി.സി. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, സിറോ മലബാർ സഭ പി.ആർ.ഒ. ഫാ. ടോം ഒലിക്കാരോട്ട് എന്നിവരും ഈ വിഷയത്തിൽ സംസാരിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

