മുതിർന്ന മാധ്യമ പ്രവർത്തകൻ റ്റിജെഎസ് ജോർജിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ബംഗളൂരുവിലെ ഹെബ്ബാൾ വൈദ്യുത ശ്മാശനത്തിലായിരുന്നു സംസ്‌കാരം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. ഇതോടെ ഇന്ത്യൻ മാധ്യമപ്രവർത്തന ചരിത്രത്തിലെ ഒരുയുഗത്തിനാണ് പരിസമാപ്തിയായത്.
റ്റിജെഎസ് ജോർജിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം അറിയിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വെളളിയാഴ്ച വൈകീട്ട് മണിപ്പാൽ ആശുപത്രിയിൽ വച്ചായിരുന്നു റ്റിജെഎസ് ജോർജിന്റെ അന്ത്യം.
2011 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. മാധ്യമ രംഗത്തെ മികവിനു കേരള സർക്കാർ നൽകുന്ന ഉന്നത അംഗീകാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരം 2019 ൽ ലഭിച്ചു. പത്രാധിപർ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ടിജെഎസിന്റെ ഓർമക്കുറുപ്പികളടങ്ങിയ പുസ്തകമാണ് ‘ഘോഷയാത്ര’. വി കെ കൃഷ്ണമേനോൻ. എം എസ് സുബ്ബലക്ഷ്മി, നർഗീസ്, പോത്തൻ ജോസഫ്, ലീക്വാൻ യ്യൂ തുടങ്ങിയവരുടെ ജീവചരിത്രങ്ങളും എഴുതിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങൾ രചിച്ചു.
ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവർത്തനം നടത്തിയ അദ്ദേഹം ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച്ലൈറ്റ്, ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ എന്നിവയിൽ മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചു. ഹോംങ്കോങിൽ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്. ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ചെയർമാനായിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

