കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവും ബാലുശേരി എം.എൽ.എയുമായ സച്ചിൻ ദേവിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇരുവരെയും ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രം തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കോടതിയിൽ സമർപ്പിച്ചു. ഈ കേസിൽ മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് പ്രതി.
2024 ഏപ്രിൽ 27-ന് രാത്രി പാളയത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞ് ഡ്രൈവർ യദുവുമായി മേയറും സച്ചിൻ ദേവ് എം.എൽ.എയും വാക്കുതർക്കത്തിലേർപ്പെട്ടത് വലിയ വിവാദമായിരുന്നു. മേയർ സഞ്ചരിച്ച വാഹനത്തിനു നേരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചപ്പോൾ അതിനെ പ്രതിരോധിക്കുക മാത്രമാണ് ഇരുവരും ചെയ്തത് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഒരു കുറ്റത്തെ നേരിടുന്നത് മറ്റൊരു കുറ്റമായി കണക്കാക്കേണ്ടതില്ല എന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
എന്നാൽ, മേയറുടെ സഹോദരൻ അരവിന്ദിന് ഈ വിഷയത്തിൽ ഇടപെടേണ്ട കാര്യമില്ലായിരുന്നു. അനാവശ്യമായി ഇടപെട്ടതുകൊണ്ടാണ് അരവിന്ദിനെ കേസിൽ പ്രതി ചേർത്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതിനെതിരെ യദു കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. നേരത്തെ ഇരുവരെയും പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് യദു കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിന്റെ തുടക്കത്തിൽ, മേയർ സഞ്ചരിച്ച വാഹനത്തിന് നേരെ അശ്ലീല ആംഗ്യം കാണിച്ചതിന് യദുവിനെതിരെ മാത്രമായിരുന്നു പോലീസ് കേസെടുത്തിരുന്നത്. എന്നാൽ, യദുവിന്റെ പരാതിയിൽ കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ബസ് തടഞ്ഞ കേസിൽ ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

