കുട്ടികളുടെ സ്‌കൂൾ ബാഗിന്റെ ഭാരം കുറച്ചും ‘ബാക്ക് ബെഞ്ചേഴ്‌സ്’ എന്ന സങ്കല്പം ഇല്ലാതാക്കിയും സംസ്ഥാനത്തെ ക്ലാസ് മുറികളിൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിലാക്കുന്നു. വിദ്യാലയങ്ങളെ കൂടുതൽ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാനുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങളുടെ കരട് റിപ്പോർട്ടിന് സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നൽകി. അടുത്ത അധ്യയന വർഷം മുതൽ ഈ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വിദ്യാർത്ഥികളുടെ ശാരീരിക ആരോഗ്യം മുൻനിർത്തി ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കുന്നതിനൊപ്പം, ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലും മാറ്റം വരും. ആരും പിന്നിലല്ല എന്ന ഉറപ്പ് നൽകുന്നതിലൂടെ എല്ലാ കുട്ടികൾക്കും തുല്യ പരിഗണന ലഭിക്കുന്ന ജനാധിപത്യപരമായ പഠന അന്തരീക്ഷം സൃഷ്ടിക്കാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്.സി.ഇ.ആർ.ടി (SCERT) തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്.
പുതിയ പരിഷ്കാരങ്ങളിൽ പൊതുസമൂഹത്തിന്റെ അഭിപ്രായം കൂടി തേടിയ ശേഷമാകും അന്തിമ തീരുമാനം എടുക്കുക. ഇതിനായി കരട് റിപ്പോർട്ട് എസ്.സി.ഇ.ആർ.ടിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ജനുവരി 20 വരെ തങ്ങളുടെ നിർദ്ദേശങ്ങൾ അറിയിക്കാവുന്നതാണ്. ലഭിക്കുന്ന അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് വരാനിരിക്കുന്ന അധ്യയന വർഷം മുതൽ തന്നെ ഈ പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

