സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടുന്ന വിദ്യാർഥികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായവർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വീട് വെച്ച് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കായികമേളയിൽ പങ്കെടുത്ത ചില താരങ്ങളുടെ വീടുകളുടെ മോശം അവസ്ഥ നേരിട്ട് മനസ്സിലാക്കിയതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു വലിയ പദ്ധതിയിലേക്ക് കടക്കുന്നത്. സ്വർണം നേടിയവരും മീറ്റ് റെക്കോർഡ് സ്ഥാപിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
നിലവിൽ, 50 വീടുകൾ നിർമ്മിച്ചു നൽകാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനോടകം, ഇടുക്കി സ്വദേശിനിയായ ദേവപ്രിയക്ക് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി വീട് വെച്ച് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ, കോഴിക്കോട് സ്വദേശിനിയായ ദേവനന്ദക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്സ് വീട് നിർമ്മിച്ചു നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിക്കായി വിവിധ സംഘടനകളുമായി ബന്ധപ്പെട്ടപ്പോൾ അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. ഈ പദ്ധതിയിൽ സഹകരിച്ച് വീട് വെച്ചു നൽകാൻ താൽപര്യമുള്ളവർ വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കണമെന്നും, ഇത് പാവപ്പെട്ട കായിക പ്രതിഭകൾക്ക് വലിയ പിന്തുണയാകുമെന്നും മന്ത്രി വി. ശിവൻകുട്ടി അഭ്യർഥിച്ചു.
കൂടാതെ, കായിക പരിശീലനവുമായി ബന്ധപ്പെട്ട് സ്‌കൂൾ തലത്തിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സ്പോർട്സ് മാന്വൽ പരിഷ്‌ക്കരിക്കും എന്നും മന്ത്രി അറിയിച്ചു. സ്‌കൂളുകളിൽ കുട്ടികളുടെ കായിക പരിശീലനത്തിന് യഥാസമയം പണം ലഭിക്കുന്നില്ല എന്നതുൾപ്പെടെയുള്ള പരാതികൾ പരിഗണിച്ചാണ് ഈ പരിഷ്‌കരണം നടപ്പിലാക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

