പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസിൽ വൻ ഇളവ്; കേന്ദ്രം ഉയർത്തിയ നിരക്ക് പകുതിയായി കുറച്ച് സംസ്ഥാന സർക്കാർ

കേന്ദ്ര സർക്കാർ കുത്തനെ ഉയർത്തിയ പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കൽ ഫീസിൽ കേരളത്തിലെ വാഹന ഉടമകൾക്ക് ആശ്വാസം. 15 വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് നിരക്ക് 50 ശതമാനം കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഈ നിർണ്ണായക നീക്കം.

2025-ലെ കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി പ്രകാരം ഫീസുകൾ വൻതോതിൽ വർധിപ്പിച്ചിരുന്നു. ഇത് സാധാരണക്കാരായ വാഹന ഉടമകൾക്ക് വലിയ ബാധ്യതയായ പശ്ചാത്തലത്തിലാണ് പകുതി നിരക്ക് കുറച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു. പുതിയ നിരക്കുകൾ നടപ്പിലാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തി വരികയാണ്. 10 മുതൽ 15 വരെ, 15 മുതൽ 20 വരെ, 20 വർഷത്തിന് മുകളിൽ എന്നിങ്ങനെ മൂന്ന് കാറ്റഗറികളായാണ് ഫീസ് ഈടാക്കുന്നത്.

പുതുക്കിയ ഫീസ് നിരക്കുകൾ ഒറ്റനോട്ടത്തിൽ:

വാഹന വിഭാഗം15-20 വർഷം (രൂപ)20 വർഷത്തിന് മുകളിൽ (രൂപ)
മോട്ടോർ സൈക്കിൾ5001000
ഓട്ടോറിക്ഷകൾ16503500
കാറുകൾ (LMV)37507500
ഇടത്തരം വാഹനങ്ങൾ500010,000
ഹെവി വാഹനങ്ങൾ650012,500

ഹെവി വാഹനങ്ങൾക്കും ഇടത്തരം വാഹനങ്ങൾക്കും 13 മുതൽ 15 വർഷം വരെയുള്ള കാലയളവിൽ യഥാക്രമം 2000, 1000 എന്നിങ്ങനെയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. സോഫ്റ്റ്‌വെയർ പരിഷ്കരണം പൂർത്തിയാകുന്നതോടെ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

Leave a Reply