ഇന്ന് കേരളപ്പിറവി ദിനത്തിൽ, സംസ്ഥാനത്തെ അതിദാരിദ്ര്യം പൂർണ്ണമായി തുടച്ചുനീക്കിയെന്ന ചരിത്രപരമായ പ്രഖ്യാപനം നടക്കും. ഈ മഹത്തായ ലക്ഷ്യം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറും.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് ഈ നേട്ടം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. സംസ്ഥാന മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ഈ ചടങ്ങിൽ സന്നിഹിതരാകും. പ്രതിപക്ഷ നേതാവിനും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
പ്രമുഖ ചലച്ചിത്രതാരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും. പരിപാടിയുടെ മുന്നോടിയായും ശേഷവും വിവിധ കലാപരിപാടികൾ അരങ്ങേറും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചെയർമാനായ വിപുലമായ സംഘാടക സമിതിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്തെ പ്രധാന ചടങ്ങിന് പുറമെ, സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇതേ സമയത്ത് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
നീതി ആയോഗിന്റെ കണക്കുകൾ:
രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. 2021-ലെ നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം, കേരളത്തിലെ ജനസംഖ്യയുടെ 0.7 ശതമാനം മാത്രമാണ് ദരിദ്രർ. ഒരു സർക്കാരിന് വേണമെങ്കിൽ അവഗണിക്കാവുന്ന ഈ ചെറിയ വിഭാഗത്തെ കൈപിടിച്ചുയർത്താനാണ് സർക്കാർ മുൻകൈയെടുത്തത്. 2021-ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രഥമ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം എന്ന ലക്ഷ്യം യാഥാർഥ്യമാക്കുക എന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

