സുപ്രീം കോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു

സുപ്രീം കോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇന്നലെ സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് പകരമായാണ് അദ്ദേഹം നിയമിതനായത്. രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയത് ശരിവെച്ചതുള്‍പ്പെടെ ഒട്ടേറെ സുപ്രധാന വിധികളിൽ അംഗമായിരുന്ന ജസ്റ്റിസ് സൂര്യകാന്ത്, ബിഹാർ എസ്‌ഐആറിൽ (വോട്ടർ പട്ടിക പരിഷ്‌കരണം) കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ചിന്റെ അധ്യക്ഷനുമായിരുന്നു. ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ജസ്റ്റിസ് സൂര്യകാന്ത്. 1962-ൽ ഹരിയാനയിലെ ഹിസാർ ജില്ലയിലെ ഒരു സാധാരണ കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ നിന്നാണ് നിയമബിരുദം നേടിയത്.

ജില്ലാ കോടതികളിലും പിന്നീട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്ത അദ്ദേഹം, 38-ാം വയസ്സിൽ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അഡ്വക്കേറ്റ് ജനറലായി. 42-ാം വയസ്സിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. 2018-ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ അദ്ദേഹം 2019 മെയ് 24-നാണ് സുപ്രീം കോടതിയിലെത്തിയത്. ജസ്റ്റിസ് സൂര്യകാന്ത് 2027 ഫെബ്രുവരി ഒൻപത് വരെ ചീഫ് ജസ്റ്റിസ് പദവിയിൽ തുടരും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply