ഇന്ത്യൻ ജിയുജിറ്റ്സു താരവും പരിശീലകയുമായിരുന്ന രോഹിണി കലാം (35) മധ്യപ്രദേശ് ദേവാസ് രാധാഗഞ്ചിലെ അർജുൻ നഗറിലുള്ള കുടുംബ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ മുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ രോഹിണിയെ ആദ്യം കണ്ടത് സഹോദരി റോഷ്നിയാണ്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് രോഹിണിയുടെ മാതാപിതാക്കളും മറ്റൊരു സഹോദരിയും ക്ഷേത്ര ദർശനത്തിന് പോയിരുന്നു. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അസ്തയിലെ ഒരു സ്വകാര്യ സ്‌കൂളിൽ ആയോധനകല പരിശീലകയായി ജോലി ചെയ്തിരുന്ന രോഹിണി, ജോലി സംബന്ധമായ കടുത്ത സമ്മർദ്ദം നേരിട്ടിരുന്നതായി സഹോദരി റോഷ്നി മൊഴി നൽകി. സ്‌കൂളിലെ പ്രിൻസിപ്പലും അധ്യാപകരും രോഹിണിയെ ശല്യം ചെയ്തിരുന്നുവെന്നും, ഫോൺ സംഭാഷണങ്ങളിൽ നിന്ന് തനിക്ക് ഇക്കാര്യങ്ങൾ മനസ്സിലായെന്നും റോഷ്നി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ശനിയാഴ്ചയാണ് രോഹിണി ദേവാസിലെ വീട്ടിലെത്തിയത്.
മുൻ ബാങ്ക് ഉദ്യോഗസ്ഥനായ പിതാവ് നൽകിയ വിവരങ്ങൾ അനുസരിച്ച്, ഐ.പി.എസ്. ഓഫീസറാകാൻ രോഹിണി ആഗ്രഹിച്ചിരുന്നു. വിക്രം അവാർഡിനായി രണ്ടു വർഷമായി ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചില്ല. അഞ്ച് സഹോദരിമാരിൽ മൂത്തമകളാണ് രോഹിണി. പലപ്പോഴും വിവാഹാലോചനകൾ നിരസിച്ചിരുന്നു. കൂടാതെ, അഞ്ച് മാസം മുമ്പ് വയറ്റിലെ മുഴ നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം രോഹിണിക്ക് അസുഖങ്ങളുണ്ടായിരുന്നു. കായികതാരത്തിന്റെ ആത്മഹത്യയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

