ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ ഹൈദരാബാദ് ഹൗസിൽ നടന്ന വാർഷിക ഉച്ചകോടിയും ഉഭയകക്ഷി ചർച്ചകളും പൂർത്തിയായി. ചർച്ചകൾക്ക് ശേഷം നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ, ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കുന്നതിൽ പുടിന്റെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞുകൊണ്ട് പ്രശംസിക്കുകയും ചെയ്തു. ചർച്ചകൾക്കൊടുവിൽ ആകെ എട്ട് സുപ്രധാന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. തൊഴിൽ, കുടിയേറ്റം എന്നീ വിഷയങ്ങളിൽ രണ്ട് കരാറുകളും ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലെ സഹകരണവും ഇതിൽ ഉൾപ്പെടുന്നു.
റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ രാസവളം വാങ്ങുന്നതിനും സംയുക്തമായി യൂറിയ ഉൽപ്പാദിപ്പിക്കുന്നതിനും ധാരണയായി. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്. സൈനികേതര ആണവോർജ്ജ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും തീരുമാനിച്ചു. സ്വതന്ത്ര വ്യാപാര കരാറിനായുള്ള ശ്രമങ്ങൾ തുടരുമെന്നും മോദി അറിയിച്ചു. റഷ്യ-യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ സ്വാഗതം ചെയ്യുന്നതായും അതിന് എല്ലാ സഹകരണവും നൽകാൻ രാജ്യം സന്നദ്ധമാണെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്ന് പ്രതികരിച്ചുകൊണ്ട് പ്രസിഡന്റ് പുടിൻ, ഇന്ത്യയിൽ നൽകിയ ഊഷ്മളമായ സ്വീകരണത്തിന് നന്ദി അറിയിച്ചു.
ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പിട്ടതായും അദ്ദേഹം അറിയിച്ചു. കൂടംകുളം ആണവോർജ നിലയ നിർമ്മാണം പൂർത്തിയാക്കാൻ സഹകരിക്കും. ചെറു ആണവ റിയാക്ടറുകൾ ഉണ്ടാക്കാനുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും പുടിൻ കൂട്ടിച്ചേർത്തു. റഷ്യൻ ടിവി ചാനൽ വെള്ളിയാഴ്ച മുതൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നും പുടിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

