ഇസ്രയേൽ ആക്രമണത്തിൽ ഖത്തറിൽ ആറ് മരണം, അപലപിച്ച് ലോക രാഷ്ട്രങ്ങൾ

ദോഹയിൽ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഹമാസിന്റെ അഞ്ച് പ്രവർത്തകരും ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകനും കൊല്ലപ്പെട്ടവരിൽ ഉണ്ടെന്ന് ഹമാസ് സ്ഥിരീകരിച്ചു.

ഇസ്രായേലിന്റെ ഈ നടപടിയെ ലോകരാജ്യങ്ങൾ ശക്തമായി അപലപിച്ചു. ആക്രമണം ‘ഭീരുത്വം നിറഞ്ഞത്’ ആണെന്ന് ഖത്തർ വിശേഷിപ്പിച്ചു. ആക്രമണത്തിന് മുന്നോടിയായി അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു എന്ന വാദത്തെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ തള്ളി. ആക്രമണം തുടങ്ങി 10 മിനിറ്റിന് ശേഷമാണ് വാഷിങ്ടണിൽ നിന്ന് കോൾ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളും ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഈ ആക്രമണമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. ഇത് ഭീരുത്വപരമായ നടപടിയാണെന്ന് യുഎഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തുകയും, പ്രശ്‌നങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രായേലിന്റേതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീരുമാനമായിരുന്നു അതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply