സമാധാന കരാറിന്റെ ഭാഗമായി ഗാസയിൽ ബന്ദികളുടെ കൈമാറ്റം ആരംഭിച്ചു. ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളുടെ ആദ്യ സംഘത്തിലെ ഏഴ് പേരെ മോചിപ്പിച്ച് റെഡ് ക്രോസിന് കൈമാറി. ബാക്കിയുള്ള 13 ഇസ്രായേൽ ബന്ദികളെ ഇന്ന് തന്നെ മോചിപ്പിക്കുമെന്നാണ് വിവരം. ഇതിന് പകരമായി സമാധാന കരാർ അനുസരിച്ച് 1966 പലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും.
പലസ്തീനി തടവുകാർ മോചന സ്ഥലത്തേക്ക് പുറപ്പെട്ടു കഴിഞ്ഞു. അതേസമയം, ഇസ്രായേൽ സൈന്യം പിന്മാറിയ ഗാസ സിറ്റിയിൽ ഹമാസും പ്രാദേശിക സംഘങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടു. മോചിതരാകുന്ന പ്രിയപ്പെട്ടവരെ കാത്ത് ഇസ്രായേലികൾ ടെൽ അവീവിലെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ മോചിപ്പിക്കപ്പെട്ട ഏഴ് ഇസ്രായേൽ ബന്ദികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് റെഡ് ക്രോസ് സംഘം അറിയിച്ചു.
ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബന്ദികളെ കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ഗാസയിലെ വെടിനിർത്തൽ നിലനിൽക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. ബെഞ്ചമിൻ നെതന്യാഹുവിനെ യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രിയെന്നും ട്രംപ് പ്രശംസിച്ചു. ഇസ്രായേലിലേക്ക് തിരിക്കുന്നതിന് മുമ്പായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. ഇതിനിടെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധം താൻ തീർത്തതായും ട്രംപ് അവകാശപ്പെട്ടു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

