കേരളത്തില്‍ എച്ച്‌ഐവി ബാധിതര്‍ കൂടൂന്നു: ജെൻസികളിൽ രോഗബാധിതരുടെ എണ്ണം 15.4% ആയി ഉയര്‍ന്നു

കേരളത്തിൽ എച്ച്.ഐ.വി. (HIV) ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി കേരളാ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ (KACS) റിപ്പോർട്ട്. ഓരോ മാസവും ശരാശരി 100 പുതിയ എച്ച്.ഐ.വി. അണുബാധിതർ ഉണ്ടാകുന്നു എന്നാണ് കണക്ക്.

പുതുതായി രോഗം ബാധിക്കുന്നവരിൽ 15 മുതൽ 24 വയസ്സു വരെ പ്രായമുള്ള യുവജനങ്ങളുടെ (ജെൻസികളുടെ) എണ്ണത്തിലാണ് ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി വർദ്ധിച്ചു വന്ന ഈ കണക്ക് 2024 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 15.5 ശതമാനമായി ഉയർന്നു. (2022-ൽ 9%, 2023-ൽ 12%, കഴിഞ്ഞ വർഷം 14.2% എന്നിങ്ങനെയായിരുന്നു മുൻവർഷങ്ങളിലെ വർദ്ധനവ്).

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് 4477 പേർക്ക് പുതുതായി എച്ച്.ഐ.വി. അണുബാധ കണ്ടെത്തി. ഇതിൽ 3393 പേർ പുരുഷന്മാരും 1065 പേർ സ്ത്രീകളുമാണ്. 19 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും എച്ച്.ഐ.വി. അണുബാധയുണ്ടായിട്ടുണ്ട്. കൂടാതെ 90 ഗർഭിണികളും ഈ കണക്കിൽ ഉൾപ്പെടുന്നു. നിലവിൽ കേരളത്തിൽ 23,608 പേർ എച്ച്.ഐ.വി. ബാധിതരാണ്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും കൂടുതൽ എച്ച്.ഐ.വി. അണുബാധിതരെ റിപ്പോർട്ട് ചെയ്തത് എറണാകുളത്താണ് (850 പേർ). തിരുവനന്തപുരത്ത് 555 പേർക്കും തൃശൂരിൽ 518 പേർക്കും കോഴിക്കോട് 441 പേർക്കും പാലക്കാട് 371 പേർക്കും കോട്ടയത്ത് 350 പേർക്കുമാണ് രോഗബാധയുണ്ടായത്. ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തത് വയനാടാണ് (67 പേർ).

കേരളാ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി റിപ്പോർട്ട് അനുസരിച്ച്, എച്ച്.ഐ.വി. അണുബാധയുണ്ടായവരിൽ 62 ശതമാനത്തിലേറെ പേർക്കും രോഗം ബാധിച്ചത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയാണ്. സുരക്ഷിതമല്ലാത്ത സ്വവർഗരതിയിലൂടെ 24.6 ശതമാനം പേർക്കും, സൂചി പങ്കിട്ടുള്ള ലഹരിമരുന്ന് ഉപയോഗത്തിലൂടെ 8.1 ശതമാനം പേർക്കും എച്ച്.ഐ.വി. ബാധയുണ്ടായി. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് അണുബാധയുണ്ടായത് 0.9 ശതമാനമാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply