പള്ളുരുത്തി ഹിജാബ് വിവാദം: വിദ്യാർത്ഥിനിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ്

പള്ളുരുത്തിയിലെ സ്‌കൂളുമായി ബന്ധപ്പെട്ടുണ്ടായ ഹിജാബ് വിവാദത്തിൽ ഉൾപ്പെട്ട പെൺകുട്ടിയെ പുതിയ വിദ്യാലയത്തിൽ ചേർത്തതായി പിതാവ് അറിയിച്ചു. ഡോൺ പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ്സിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.

മകൾ പുതിയ സ്‌കൂളിൽ എത്തിയ സന്തോഷം പങ്കുവെച്ച് രക്ഷിതാവ് ഫേസ്ബുക്കിൽ ഒരു ചിത്രത്തോടൊപ്പം കുറിപ്പും പങ്കുവെച്ചു. തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും ഭയപ്പെടില്ലെന്ന് ഉറപ്പുള്ള കലാലയമാണ് ഇതെന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പെൺകുട്ടി പഴയ സ്‌കൂളിൽനിന്ന് മാറാൻ തീരുമാനിച്ചത്.

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. സ്‌കൂളിൽ തുടർന്ന് പഠിക്കാൻ താൽപര്യമില്ലെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചതിനാലും, തുടർനടപടികൾ അവസാനിപ്പിക്കുകയാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതിനാലുമാണ് കോടതി ഈ തീരുമാനമെടുത്തത്.വിദ്യാർത്ഥിയുടെ മൗലികാവകാശം നിഷേധിക്കപ്പെട്ടതായും ഭരണഘടന അവകാശങ്ങളുടെ ലംഘനം നടന്നതുകൊണ്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ നിലപാടെടുത്തിരുന്നു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനമാണ് സ്‌കൂൾ ഉദ്ദേശിക്കുന്നതെന്നും, എല്ലാ വിദ്യാർത്ഥികളെയും തുല്യരായി കാണുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നുമാണ് സ്‌കൂളിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

വിഷയം രമ്യമായി പരിഹരിക്കണമെന്ന് കോടതി നിർദ്ദേശിക്കുകയും, എല്ലാ കക്ഷികളും തുടർനടപടിയില്ലെന്ന് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ ഹർജി തീർപ്പാക്കുകയുമായിരുന്നു. ഹിജാബ് ധരിച്ച കുട്ടിയെ പ്രവേശിപ്പിക്കാത്തതിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സെന്റ് റീത്താസ് സ്‌കൂൾ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് വിദ്യാർത്ഥിക്കായി പിതാവും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply