ആശുപത്രികളുടെ പ്രവർത്തനത്തിന് കർശനമായ മാർഗ്ഗനിർദ്ദേശങ്ങളുമായി കേരള ഹൈക്കോടതി. അത്യാഹിത വിഭാഗത്തിൽ എത്തുന്ന എല്ലാ രോഗികളെയും പരിശോധിച്ച് അവരുടെ നില ഭദ്രമാക്കാൻ ആശുപത്രികൾ ബാധ്യസ്ഥരാണ്. പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ ഒരു കാരണവശാലും പാടില്ല. തുടർചികിത്സ ആവശ്യമെങ്കിൽ രോഗിയെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം നിലവിലെ ആശുപത്രി ഏറ്റെടുക്കണം.
ജസ്റ്റിസുമാരായ സുശ്രൂത് അരവിന്ദ് ധർമ്മാധികാരി, ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചുകൊണ്ട് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ:
- ചികിത്സാ നിരക്കുകളുടെ പ്രദർശനം: ആശുപത്രിയുടെ റിസപ്ഷനിലും വെബ്‌സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സാ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണം. ലഭ്യമായ സേവനങ്ങൾ, പാക്കേജ് നിരക്കുകൾ, ഡോക്ടർമാരുടെ വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുത്തണം.
- രേഖകൾ കൈമാറൽ: ഡിസ്ചാർജ് ചെയ്യുമ്പോൾ എല്ലാ പരിശോധനാ ഫലങ്ങളും (എക്സ്-റേ, ഇസിജി, സ്കാൻ റിപ്പോർട്ടുകൾ) രോഗിക്ക് നിർബന്ധമായും കൈമാറണം.
- അവകാശങ്ങൾ: രോഗികളുടെ അവകാശങ്ങൾ, പരാതി നൽകാനുള്ള സംവിധാനങ്ങൾ എന്നിവയും പ്രദർശിപ്പിക്കണം.
- പരാതി പരിഹാര സംവിധാനം: എല്ലാ ആശുപത്രികളിലും ഒരു പരാതി പരിഹാര ഡെസ്‌ക് ഉണ്ടായിരിക്കണം. പരാതി സ്വീകരിച്ചാൽ രസീതോ എസ്.എം.എസ്സോ നൽകണം.
- പരിഹാര സമയം: ലഭിക്കുന്ന പരാതികൾ ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തീർപ്പാക്കാൻ ശ്രമിക്കണം. പരിഹരിക്കപ്പെടാത്ത പരാതികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (DMO) കൈമാറണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

