സർക്കാർ സ്ഥാപനമായ മലബാർ ഡിസ്‍ലറീസ് ലിമിറ്റഡ് പുതുതായി പുറത്തിറക്കുന്ന മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ച സംഭവത്തിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. പേരും ലോഗോയും നൽകുന്നവർക്ക് 10,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് മലബാർ ഡിസ്‍ലറീസ് എം.ഡി പത്രക്കുറിപ്പ് പുറത്തിറക്കിയത് വലിയ വിവാദമായിരുന്നു. കോട്ടയം ഡി.സി.സി വൈസ് പ്രസിഡന്റ് ചിന്ദു കുര്യൻ ജോയ് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
മദ്യത്തിന്റെയും ഇതര ലഹരിവസ്തുക്കളുടെയും ഉപയോഗം തടയാൻ ബാധ്യസ്ഥരായ സർക്കാർ തന്നെ മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേരള അബ്കാരി നിയമത്തിലെ 55H വകുപ്പിന്റെയും ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 47-ന്റെയും നഗ്നമായ ലംഘനമാണ് ഇതിലൂടെ നടന്നതെന്നും ഹർജിക്കാരൻ ആരോപിച്ചു.
മദ്യത്തിന് പരസ്യം നൽകുന്നതും പ്രോത്സാഹിപ്പിക്കുന്നതും നിയമവിരുദ്ധമായിരിക്കെ സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനി തന്നെ ഇതിന് മുൻകൈ എടുക്കുന്നത് ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു.ഹർജി ഫയലിൽ സ്വീകരിച്ച കോടതി, വിഷയത്തിൽ വിശദീകരണം ബോധിപ്പിക്കാൻ സർക്കാരിനോടും ബെവ്കോയോടും ആവശ്യപ്പെട്ടു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

