സ്വിറ്റ്‌സർലൻഡിലെ പ്രശസ്തമായ ക്രാൻസ് മോണ്ടാന സ്കീ റിസോർട്ടിലുണ്ടായ വൻ തീപിടുത്തത്തിൽ യുഎഇയിലെ പ്രമുഖ ഗോൾഫ് താരം ഇമ്മാനുവൽ ഗാലപ്പിനി കൊല്ലപ്പെട്ടു .
പുതുവത്സര ദിനത്തിൽ പുലർച്ചെ ഏകദേശം 1:30-ഓടെ റിസോർട്ടിലെ ‘ലേ കോൺസ്റ്റലേഷൻ’ എന്ന ബാറിലാണ് ദുരന്തമുണ്ടായത്. ആഘോഷങ്ങളുടെ ഭാഗമായി ഷാംപെയ്ൻ ബോട്ടിലുകളിൽ ഉപയോഗിച്ച സ്പാർക്ക്ലറുകളിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിമിഷങ്ങൾക്കകം ബാറിന്റെ മേൽക്കൂരയിലേക്ക് തീ പടരുകയും ഹാളിനുള്ളിൽ സ്ഫോടനം സംഭവിക്കുകയുമായിരുന്നു.
ഇറ്റാലിയൻ പൗരനായ ഗാലപ്പിനി കുടുംബത്തോടൊപ്പം ദീർഘകാലമായി യുഎഇയിലാണ് താമസം. യുഎഇ ജൂനിയർ ഗോൾഫ് സർക്യൂട്ടിലെ ഏറ്റവും വാഗ്ദാനമുള്ള യുവപ്രതിഭകളിൽ ഒരാളായിരുന്നു പതിനേഴുകാരനായ ഇമ്മാനുവൽ. ദുബായ് എമിറേറ്റ്‌സ് ഗോൾഫ് ക്ലബ് അംഗമായ അദ്ദേഹം മികച്ച കളിക്കാരനായിരുന്നു. ജൂനിയർ വിഭാഗത്തിൽ നിരവധി കിരീടങ്ങൾ നേടിയ ഗാലപ്പിനി, യുഎഇ കായിക രംഗത്ത് വലിയ ഭാവി കൽപ്പിക്കപ്പെട്ടിരുന്ന താരമായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം യുഎഇയിലെയും ഇറ്റലിയിലെയും ഗോൾഫ് കമ്മ്യൂണിറ്റിയെ ഒരേപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
അപകടത്തിൽ ഗാലപ്പിനി ഉൾപ്പെടെ നാൽപ്പതോളം പേർ മരണപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വിസ് അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് ഒരു ഭീകരാക്രമണമല്ലെന്നും ആഘോഷങ്ങൾക്കിടയിലുണ്ടായ ദൗർഭാഗ്യകരമായ അപകടമാണെന്നും പോലീസ് സ്ഥിരീകരിച്ചു. യുഎഇയിലെ ഗോൾഫ് കമ്മ്യൂണിറ്റി താരത്തിന് ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

