ഞങ്ങൾക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേർന്ന് നടന്നൊരു യാത്ര

രാജ്യത്തെ പ്രഥമ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന നേട്ടം കേരളം കൈവരിക്കുമ്പോൾ അതിന്റെ നടപടിക്രമങ്ങളിൽ നേരിട്ട അനുഭവങ്ങൾ പങ്കുവച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ ടി വി ഐഎഎസ്. പദ്ധതിയുമായി ചേർന്ന് പ്രവർത്തിച്ച ഉദ്യോഗസ്ഥർക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു മറിച്ച് ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേർന്ന് നടന്നൊരു യാത്രയായിരുന്നു എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയ്ക്ക് നേതൃത്വം നൽകിയതും വിവിധ വകുപ്പുകളുടെ സ്‌ക്രീമുകളും പരിപാടികളും തദേശസ്ഥാപന തലത്തിൽ ഏകോപിപ്പിച്ചതും തദ്ദേശസ്വയം ഭരണവകുപ്പായിരുന്നു. ഇതിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായപ്പോൾ അനുഭവിച്ചറിഞ്ഞത് ജന ജീവിതത്തിന്റെ മറ്റൊരു തലമായിരുന്നു. പ്രതീക്ഷയിലേക്കും, ഉപജീവനത്തിലെക്കുമുള്ള പുതുവഴികൾ തേടുകയും ജീവിതം മാറ്റിയെടുക്കുന്ന മനുഷ്യരെയുമാണ്. സർക്കാർ തലത്തിലുള്ള വിവിധ വകുപ്പുകളുടെ മതിലുകൾ ഏതാണ്ട് പൂർണമായും ഇല്ലാതായ ഒരു പദ്ധതിയായിരുന്നു ഇതെന്നും അനുപമ പറയുന്നു.

കേരളം, അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കപ്പെടുമ്പോഴും ഏതൊരു പദ്ധതിയെയും പോലെ ഈ പദ്ധതിയും പൂർണമെന്ന് അവകാശപ്പെടുന്നില്ല. വിട്ടുപോകലുകൾ ഉണ്ടായേക്കാം. നിസ്സഹായരായ മനുഷ്യരുടെ അന്തസും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ച് പദ്ധതിയെ പൂർണ്ണമാക്കേണ്ടത് മലയാളികളായ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. സർക്കാർ നേട്ടം ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോഴും തുടർനടപടികൾ ഉണ്ടാകേണ്ടതുണ്ട്. നാളെ മുതൽ നന്നായി ഉറങ്ങുന്നതിനെക്കുറിച്ചല്ല മറിച്ച് വിട്ടുപോയവ കണ്ടെത്തുന്നതിനെയും കൂട്ടിചേർക്കുന്നതിനെയും കുറിച്ചായിരിക്കും ചിന്തയെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പറയുന്നു.

പോസ്റ്റ് പൂർണരൂപം-

കേരളം ഒരിക്കൽ കൂടി ചരിത്രത്തിന്റെ ഭാഗമാവുകയാണ്. രാജ്യത്തെ പ്രഥമ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന ഖ്യാതിയിലേക്ക് കേരളം ഉയരുമ്പോൾ ആ ചരിത്ര യാത്രയുടെ ഭാഗമാകാനായതിൽ അഭിമാനമുണ്ട്.

2018-ലെ വെള്ളപ്പൊക്കത്തിന്റെ പുനരധിവാസത്തിന് ശേഷം സൂക്ഷ്മതലത്തിലുള്ള പദ്ധതികളിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് തദ്ദേശസ്വയംഭരണവകുപ്പിലാണ്. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയ്ക്ക് നേതൃത്വം നൽകിയതും വിവിധ വകുപ്പുകളുടെ സ്‌ക്രീമുകളും പരിപാടികളും തദേശസ്ഥാപന തലത്തിൽ ഏകോപിപ്പിച്ചതും തദ്ദേശസ്വയം ഭരണവകുപ്പാണ്. തദേശസ്ഥാപനങ്ങളുടെ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ഇന്നത്തെ നിലയിലേക്ക് പദ്ധതിഉയർന്നതും!

അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയുടെ മൈക്രോപ്ലാൻ തയ്യാറാക്കുന്ന ഘട്ടം കഴിഞ്ഞാണ് ഞാൻ വകുപ്പിലെതിയത്. പക്ഷെ ശാരദമുരളീധരൻ മാഡത്തിന്റെ ഉപദേശമനുസരിച്ച് ഈ മാതൃക വയനാട് മേപ്പാടി ദുരന്തത്തിലുപ്പെട്ടവരുടെ മൈക്രോപ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടി പഠിച്ചു നടപ്പാക്കുകയും ഏതാണ്ട് ആ സമയം മുതൽ തന്നെ സർക്കാരിൽ അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതി കൈകാര്യം ചെയ്യാൻ അവസരം ലഭിക്കുകയും ചെയ്തത് മുതൽ തുടങ്ങുന്നു ഈ പദ്ധതിയുമായുള്ള എന്റെ ബന്ധം.

അതുകൊണ്ട് തന്നെ ഞാനിവിടെ കുറിക്കുന്നത് പദ്ധതിയിൽ നേരിട്ട് പങ്കെടുത്തവരുടെ വികാരങ്ങൾ കൂടി ഉൾക്കൊണ്ടുകൊണ്ടാണ്.

ഞങ്ങൾക്ക് ഇത് വെറും ഒരു ഭരണപരിപാടിയല്ലായിരുന്നു മറിച്ച് ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേർന്ന് നടന്നൊരു യാത്രയായിരുന്നു.

ആ വഴികളിലൂടെ നടന്നപ്പോൾ കാണാനായത് പ്രതീക്ഷയിലേക്കും, ഉപജീവനത്തിലെക്കുമുള്ള പുതുവഴികളാണ്, ജീവിതം മാറ്റിയെടുക്കുന്ന മനുഷ്യരെയാണ്..

ചേർത്ത്പിടിക്കലിന്റെ കഥകളും ഏറെ കാണാനായി. പല തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ഇതിനെ കണ്ടത് ഒരു പദ്ധതി മാത്രമായിട്ടല്ല, ഓരോ ജീവിതവും മാറ്റിയെടുക്കണമെന്ന ദൃഢനിശ്ചയത്തോടെ ഒരു ദൗത്യമായാണ് .

സർക്കാരിൽ വളരെ ആലോചിച്ചു തീരുമാനമെടുക്കേണ്ട വിഷയങ്ങളും വളരെപ്പെട്ടെന്ന് തീരുമാനമെടുക്കേണ്ട വിഷയങ്ങളും ഉണ്ടാകും.

അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയുടെ തുടക്കം ആദ്യഗണത്തിലുലൾപ്പെട്ടതാണെങ്കിൽ കഴിഞ്ഞ കുറെ ദിവസങ്ങളിലെ പ്രവർത്തനം രണ്ടാം ഗണത്തിലായിരുന്നു. നിലവിലുള്ള സർക്കാർ തീരുമാനങ്ങൽക്കുപരിയായുള്ള തീരുമാനങ്ങൾ, പുതിയ സർക്കാർ ഉത്തരവുകൾ, പ്രത്യേക കേസുകൾ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകൾ, മറ്റുവകുപ്പുകളുമായുള്ള ഏകോപനം അത്യന്തം ആവശ്യമായ വിഷയങ്ങൾ, വിട്ടുപോയവ കണ്ടെത്താനും പെട്ടെന്ന് പരിഹരിക്കാനുമുള്ള ശ്രമങ്ങൾ, കഴിഞ്ഞ രണ്ടുമൂന്നു കാബിനെറ്റുകളിൽ പോലും എത്തിയ പ്രത്യേക വിഷയങ്ങൾ അങ്ങനെയങ്ങനെ…

വകുപ്പുകളുടെ മതിലുകൾ ഏതാണ്ട് പൂർണമായും ഇല്ലാതായ ഒരു പദ്ധതിയായിരുന്നു ഇതെന്നും നിസ്സംശയം പറയാം..

ഏതൊരു പദ്ധതിയെയും പോലെ ഈ പദ്ധതിയും പൂർണമെന്ന് അവകാശപ്പെടുന്നില്ല. വിട്ടുപോകലുകൾ ഉണ്ടായേക്കാം. നിസ്സഹായരായ മനുഷ്യരുടെ അന്തസും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ചു തന്നെ ഈ പദ്ധതിയെ പൂർണ്ണമാക്കേണ്ടത് മലയാളികളായ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

ഇന്നിവിടെ സംസ്ഥാനസർക്കാർ ഈയൊരു പ്രഖ്യാപനത്തിലേക്ക് കടക്കുമ്പോഴും നാളെ മുതൽ നന്നായി ഉറങ്ങുന്നതിനെക്കുറിച്ചല്ല മറിച്ച് വിട്ടുപോയവ കണ്ടെത്തുന്നതിനെയും കൂട്ടിചേർക്കുന്നതിനെയും കുറിച്ചായിരിക്കും ഞങ്ങളുടെ ചിന്ത.

അഭിമാനം. നന്ദി….

അനുപമ ടി വി

സ്പെഷ്യൽ സെക്രട്ടറി

തദ്ദേശ സ്വയംഭരണ വകുപ്പ്


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply