എസ്‌ഐആറിന്റെ ഭാഗമായി ഇന്ന് ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള പരിശീലന പരിപാടി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിലെ ബൂത്ത് ലെവൽ ഓഫീസർമാർക്കാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കാരത്തിന് ഇന്നലെ തുടക്കം കുറിച്ചിരുന്നു. രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് എസ്ഐആറിന് തുടക്കം കുറിച്ചത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ ആദ്യ എന്യൂമറേഷൻ ഫോം ഗവർണർക്ക് നൽകിയാണ് എസ്‌ഐആറിന് തുടക്കം കുറിച്ചത്. യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവർണർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. വേഗത്തിലുള്ളതും പിശകുകളില്ലാത്തതുമായ പുനരവലോകനത്തിനായി ജനങ്ങളോട് സഹകരിക്കാനും ഗവർണർ അഭ്യർത്ഥിച്ചു.
അതേസമയം എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ശക്തമായി എസ്ഐആർ എതിർക്കുന്നതിനിടയാണ് എസ്ഐആർ നടപടിക്രമങ്ങൾ ആരംഭിച്ചത്. എസ്‌ഐആറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ബുധനാഴ്ച സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്.നവംബർ നാല് മുതൽ ഡിസംബർ നാല് വരെയാണ് ബൂത്ത് ലെവൽ ഓഫീസർമാർ പട്ടിക വിതരണം ചെയ്യുക. ബിഎൽഒമാർ വിതരണം ചെയ്യുന്ന ഫോം വോട്ടർമാർ 2003 ലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്ത് പേരുകൾ ഉണ്ടോയെന്ന് ഉറപ്പാക്കണം. പേരുകൾ ഉണ്ടെങ്കിൽ വോട്ടർമാർ മറ്റ് രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. ഡിസംബർ ഒമ്പതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ ഒമ്പത് മുതൽ 2026 ജനുവരി 8 വരെയാകും തിരുത്തലിനുള്ള സമയം. ഫെബ്രുവരി 7 നാകും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

