ഫിലിപ്പീൻസിൽ 7.6 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഫിലിപ്പീൻസിൽ റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. മിൻഡനാവോ മേഖലയിലെ മനായിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 9.43-നാണ് സംഭവം.

ഭൂചലനത്തെ തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്റർ ചുറ്റളവിൽ അടുത്ത രണ്ടുമണിക്കൂറിനുള്ളിൽ ജീവന് ഭീഷണിയുണ്ടാക്കാൻ സാധ്യതയുള്ള വലിയ തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ, തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

അതിശക്തമായ ഭൂചലനമുണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഭൂചലനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫിലിപ്പീൻസിലെ ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യയും സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വടക്കൻ സുലവെസി, പാപ്പുവ എന്നീ പ്രദേശങ്ങളിലാണ് ഇന്തോനേഷ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply