കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവർത്തകർ തന്നെ ജയിലിൽ അടയ്ക്കാൻ ശ്രമിച്ചെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോൾ ലോകം കൂടെനിന്നു. എന്നാൽ ചിലർ ഡോക്ടർമാരുടെ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവർത്തിച്ചു. വെള്ളിനാണയങ്ങൾക്ക് വേണ്ടി സഹപ്രവർത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചവരുണ്ടെന്നും ഡോ. ഹാരിസ് തുറന്നടിച്ചു.
സഹപ്രവർത്തകനെ ജയിലിൽ അയക്കാൻ വ്യഗ്രതയുണ്ടായി. കാലം അവർക്കെല്ലാം മാപ്പ് നൽകട്ടെ എന്നും കെജിഎംസിറ്റിഎ ഗ്രൂപ്പിലെ സന്ദേശത്തിൽ ഡോ. ഹാരിസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 30 വർഷത്തിലേറെയായി കാണുന്നവരും, ഒപ്പം പഠിച്ചവരും ഒപ്പം പഠിച്ചവരും ഉൾപ്പെടെയുള്ള സഹപ്രവർത്തകർ. എന്തായാലും പിന്നിൽ നിന്നുള്ള കുത്ത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡോ. ഹാരിസ് പറഞ്ഞു. എല്ലാം കണ്ടെത്തി, ഇനി ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞു പോയവരാണ്. പിന്നീടാണ് ട്വിസ്റ്റ് നടന്നത്. എന്താണെന്ന് ഫോൺ വിളിച്ചു ചോദിക്കുക പോലും ചെയ്യാതെയാണ് വാർത്താ സമ്മേളനം നടത്തിയത്.
അതിന് പിന്നിൽ എന്താണെന്ന് തനിക്കറിയില്ല. ഇവരെല്ലാം എന്താണ് അങ്ങനെ പെരുമാറിയത് എന്നറിയില്ല. താൻ വെറുമൊരു ജോലിക്കാരൻ മാത്രമാണ്. ഇവരുടെയെല്ലാം പിന്തുണയും സഹായവും ഉണ്ടെങ്കിൽ മാത്രമേ ഡിപ്പാർട്ട്മെന്റിനെ മുന്നോട്ടു കൊണ്ടുപോകാനാകൂ. എല്ലാ സംവിധാനവും ഒരുക്കിത്തരേണ്ടത് അവരാണ്. ഞാൻ വെറുമൊരു പണിക്കാരൻ മാത്രമാണ്. ഇനിയും സഹായങ്ങൾ ചെയ്തു തരേണ്ടത് അവരാണ്. ശത്രുപക്ഷത്തു നിന്ന് പോകാൻ പറ്റുന്ന രംഗമല്ല ഇതെന്നും ഡോ. ഹാരിസ് പറഞ്ഞു.
ഒരു രോഗിക്ക് ബുദ്ധിമുട്ട് നേരിട്ടാൽ എല്ലാ ഡിപ്പാർട്ടുമെന്റിലെ ഡോക്ടർമാരും ചേർന്ന് നോക്കിയാലാണ് രോഗിയെ രക്ഷിക്കാനാകു. അതിനാൽ എല്ലാവരും തമ്മിൽ സൗഹാർദ്ദത്തോടെയും വിട്ടുവീഴ്ചയോടെയും പ്രവർത്തിക്കേണ്ട സ്ഥാപനമാണ് മെഡിക്കൽ കോളജ്. കുറച്ചുപേർ ശത്രുപക്ഷത്ത് നിന്നാൽ നല്ല പ്രവർത്തനം സാധ്യമാകില്ല. എല്ലാവരുമായും സൗഹൃദത്തോടെ പോകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഡോ. ഹാരിസ് പറഞ്ഞു.
മോർസിലോസ്‌കോപ്പ് എന്ന ഉപകരണം അറിയാത്തവരൊന്നുമല്ല അവരെന്ന് ഡോ. ഹാരിസ് പറഞ്ഞു. വാർത്താസമ്മേളനത്തിന് മുമ്പ് എന്താണ് സംഭവിക്കുന്നത്, ആരാണ് കയറുന്നത് എന്ന് ഒരു വാക്ക് തന്നോടു ചോദിക്കാമായിരുന്നു. പരിശോധന നടന്ന സമയത്തും ചോദിക്കാമായിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മേലധികാരികളെല്ലാം വിളിച്ചിരുന്നു. വകുപ്പ് നല്ല നിലയിൽ കൊണ്ടുപോകാൻ വേണ്ട സഹായങ്ങളെല്ലാം ചെയ്തു തരാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. താൻ ഒറ്റയ്ക്കൊരു വ്യക്തി മാത്രമാണ്. വലിയ ശക്തിയോട് ഒറ്റയ്ക്ക് നേരിടാൻ പറ്റില്ല. താൻ മാധ്യമങ്ങളോട് തുറന്നു പറഞ്ഞതാകാം അവരെയെല്ലാം വിഷമിപ്പിച്ചിരിക്കുകയെന്നും ഡോക്ടർ ഹാരിസ് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

