പ്രശസ്ത തമിഴ് സംവിധായകൻ വേലു പ്രഭാകരൻ അന്തരിച്ചു

പ്രമുഖ തമിഴ് ചലച്ചിത്രകാരൻ വേലു പ്രഭാകരൻ (68) അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒരു മികച്ച സംവിധായകൻ എന്നതിലുപരി, ഛായാഗ്രാഹകനായും നടനായും അദ്ദേഹം തമിഴ് സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ ജാതി വ്യവസ്ഥയെയും ലൈംഗികതയെയും പശ്ചാത്തലമാക്കി ഒരുക്കിയ ‘കാതൽ അരംഗം’ എന്ന അദ്ദേഹത്തിന്റെ ചിത്രം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. സെൻസർ ബോർഡിന്റെ നിർദ്ദേശപ്രകാരം ചില ഭാഗങ്ങൾ ഒഴിവാക്കിയും സംഭാഷണങ്ങൾ മ്യൂട്ട് ചെയ്തും പിന്നീട് ‘കാതൽ കഥൈ’ എന്ന പേരിൽ ചിത്രം റിലീസ് ചെയ്യുകയായിരുന്നു.

ഒരു ഛായാഗ്രാഹകനായി സിനിമാ ജീവിതം ആരംഭിച്ച വേലു പ്രഭാകരൻ, 1989-ൽ ‘നാളെയ മനിതൻ’ എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് കടക്കുന്നത്. അടുത്ത വർഷം തന്നെ ഈ ചിത്രത്തിന്റെ തുടർച്ചയായി ‘അതിശയ മനിതൻ’ സംവിധാനം ചെയ്തു. എന്നാൽ, പിന്നീട് ചെയ്ത ‘അസുരൻ’, ‘രാജാലി’ എന്നീ ചിത്രങ്ങൾ വേണ്ടത്ര വിജയം നേടിയില്ല.

‘കടവുൾ’, ‘ശിവൻ’, ‘ഒരു ഇയക്കുണറിൽ കാതൽ ഡയറി’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയമായ സിനിമകൾ. കൂടാതെ, ‘ഗാങ്സ് ഓഫ് മദ്രാസ്’, ‘കാഡവർ’, ‘പിസ്സ 3: ദി മമ്മി’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനേതാവായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.

നടിയും സംവിധായകയുമായ ജയാദേവിയായിരുന്നു വേലു പ്രഭാകരന്റെ ആദ്യ ഭാര്യ. ഇവരുമായി വേർപിരിഞ്ഞ ശേഷം 2017-ൽ ഷേർളി ദാസിനെ അദ്ദേഹം വിവാഹം ചെയ്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply